aravind-kejriwal-

ന്യൂഡൽഹി: കേജ്‌രിവാളായി വേഷമിട്ട് സോഷ്യൽ മീഡിയയിൽ കുഞ്ഞു താരമായ 'മഫ്ളർ മാന്' കേജ്‌രിവാൾ അങ്കിളിന്റെ അപ്രതീക്ഷിത സമ്മാനം. ആം ആദ്മി പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ അനുയായി, ഒരു വയസുകാരൻ അവ്യാൻ തോമറിന് 16ന് അരവിന്ദ് കേജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണമെത്തി. ആംആദ്‍മിയുടെ ട്വിറ്ററിലൂടെയാണ് ക്ഷണം അറിയിച്ചത്.

ഹാട്രിക് വിജയം നേടിയ ആം ആദ്മിയുടെ ആഘോഷങ്ങളിൽ ദേശീയ ശ്രദ്ധ നേടിയത് 'കുഞ്ഞൻ കേജ്‍രിവാളായി' വേഷമിട്ട അവ്യാനാണ്. കുഞ്ഞ് മീശ വരച്ച്, ആംആദ്മി തൊപ്പി വച്ച്, ചുവപ്പ് കോട്ടും കണ്ണടയുമായി കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു. ആംആദ്‍മി പ്രവർത്തകനായ രാഹുലിന്റെയും മീനാക്ഷിയുടെയും മകനാണ് അവ്യാൻ. 2500ലേ​റെ ത​വ​ണ​യാ​ണ് അ​വ്യാ​ന്റെ ചി​ത്രം റീ ​ട്വീ​റ്റ് ചെ​യ്ത​ത്. ലക്ഷക്കണക്കിന് ലൈക്കും ലഭിച്ചു.

2015 ലെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ അവ്യാന്റെ സഹോദരി ഫെയറിയും കേജ്‌രിവാളായി വേഷമിട്ടിരുന്നു. ഫെയറിക്കിപ്പോൾ 9 വയസുണ്ട്.