case-diary-

പൂനെ:‍ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെതുടർന്ന് സ്ത്രീകളടക്കമുള്ളവർ മർദ്ദിച്ച യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശി സാഗർ മർക്കാദാണ് (2288) കൊല്ലപ്പെട്ടത്.. വ്യാഴാഴ്ച രാവിലെ മുംബയ് ലാത്തൂര്‍ബിദര്‍ എക്‌സ്പ്രസിലായിരുന്നു സംഭവം.

അമ്മയ്ക്കും ഭാര്യക്കും രണ്ട് വയസുള്ള മകൾക്കുമൊപ്പമാണ് സാഗർ വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ കയറിയത്. ജനറല്‍ കംപാർട്ട്മെന്റിൽ തിരക്കായതിനാൽ സീറ്റ് ലഭിച്ചിരുന്നില്ല. ഇതോടെ കൈയുൽ കുഞ്ഞുമായി നിൽക്കുന്ന ഭാര്യയ്ക്ക് സീറ്റ് ഉറപ്പാക്കാൻ സാ​ഗർ ശ്രമിക്കുകയായിരുന്നു. അടുത്തിരുന്ന ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ഇയാൾ ചോദിച്ചു.

എന്നാൽ, ഇത് ഇഷ്ടപ്പെടാത്ത സ്ത്രീ അസഭ്യം നിറഞ്ഞ വാക്കുകൾ പറയുകയും ബഹളംവച്ച് യുവാവിനെ മർദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേർ ചേർന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴി.

സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല. തുടർന്ന് ട്രെയിൻ ദൗന്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തി. ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.. കല്യാണിൽ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽപങ്കെടുക്കാനായാണ് ട്രെയിനിൽകയറിയത്.സംഭവത്തിൽ. പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.