മരിച്ചവരെ വീണ്ടും കാണാൻ പറ്റുമോ? ഒരിക്കലും കഴിയില്ലെന്ന് പറഞ്ഞ് പുച്ഛിച്ച് താള്ളാൻ വരട്ടെ. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അജ്ഞാത രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ ഏഴുവയസുകാരി നിയോണിനെയും അമ്മ ജാങ് ജി സുങിനെയുമാണ് വെർച്വൽ റിയാലിറ്റി വഴി സംസാരിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നത്.
മീറ്റിങ് യു എന്ന ദക്ഷിണകൊറിയൻ ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങൾ പകർത്തിയത്. സ്വന്തം മകളെ കണ്ടപ്പോൾ അമ്മ വിങ്ങിപ്പൊട്ടുന്നു. മകളെ തൊടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. തുടർന്ന് മകളുടെ വിശേഷങ്ങൾ കേൾക്കുകയും അവൾക്കൊപ്പം കളിക്കുകയും ചെയ്തു. അമ്മയെന്നെ ഓർക്കാറുണ്ടോ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യം. എപ്പോഴും മിസ് ചെയ്യുന്നുണ്ടെന്ന് ജാങ‌് വിതുമ്പിക്കൊണ്ട് മറുപടി നൽകി.
അതിന് ശേഷം ഇരുവരും പിറന്നാൾ കേക്ക് മുറിക്കാൻ തന്റെ ലോകത്തേക്ക് നിയോണിയുടെ ലോകത്തേക്ക് കൊണ്ടുപോയി. അവിടെ സജ്ജമാക്കിയ മനോഹരമായ കേക്കിലെ മെഴുകുതിരികൾ അമ്മയെക്കൊണ്ട് ഊതിച്ചു. പിറന്നാൾ ആഗ്രഹങ്ങൾ പറയുമ്പോൾ അച്ഛനെയും സഹോദരങ്ങളെയും അവൾ ഓർത്തു. അമ്മയ്ക്ക് താനെഴുതിയ കത്ത് വായിച്ചുകൊടുത്തു. തുടർന്ന് തനിക്ക് ക്ഷീണമാകുന്നു എന്ന് പറഞ്ഞ് നെയോണി കിടന്നുറങ്ങുകയായിരുന്നു. അപ്പോഴും അമ്മയെ എനിക്കിഷ്ടമാണെന്ന് നിയോണി പറയുന്നുണ്ടായിരുന്നു.
കൊറിയന്‍ കമ്പനിയായ എം ബി സിയാണ് നെയോണിന്റെ മുഖവും ശരീരവും ശബ്ദവും പുനഃസൃഷ്ടിച്ചത്. എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ മനുഷ്യനെ വൈകാരികമായി പിടിച്ചുലക്കുന്ന ഈ വെർച്വൽകളി അപകടമാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.