പ്രിയപ്പെട്ട പക്ഷിക്ക്
രോഗാതുരയായ പ്രിയ സഖിയുടെ കിടക്കയ്ക്കരികിൽ വേപഥുവോടെ
നിന്നിട്ടുണ്ടോ നിങ്ങൾ..?
ഉള്ളംകൈയിൽ അവളുടെ കൈയൊതുക്കി
നിന്നെ ഒരുപാടു സ്നേഹിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടോ?
അവളുടെ
മങ്ങിയ പുഞ്ചിരിയുടെ വായ്‌ത്തല
നിങ്ങളുടെ ഹൃദയത്തിന്റെ
ആഴത്തിലേക്കെത്തിയിട്ടുണ്ടോ?
മുടിനാരിനാൽ പകുതി മറഞ്ഞ
വിളറിയ ചന്ദ്രക്കലയിലെ
പൊള്ളും നിസംഗത..
പൂക്കൾ ചിതറിയ വിരിപ്പിനു താഴെ
ഇലകൾ കൊഴിച്ചു അവൾ..
ചാഞ്ഞ മരക്കൊമ്പിൽ
ചിറകു നനഞ്ഞ പെൺകിളി..
പകുതി വരച്ച ചിത്രത്തിൽ
നിന്നു തലയുയർത്തി കുഞ്ഞിക്കിളി..
അവളുടെ കണ്ണിൽ
വസന്തത്തിനു നടുവിലേക്കു
കയറിവന്ന വേനലിനോടുള്ള
പരിഭവപ്പൊതി ..
നാമൊരുമിച്ചു കയറിയ മലനിരകൾ..
കാൽ നനച്ചു ചിരിച്ചു പിൻവാങ്ങിയ
കടൽത്തിരകൾ..
നടന്നു തീർത്ത പാതയോരങ്ങളും
കുടിച്ചു തീർത്തൊരാ കയ്പ്പും മധുരവും..
മിഴികൾ കൂട്ടിമുട്ടുന്ന മാത്രകൾ
അത്രമേൽ പ്രളയബാധിതം ..
കനവിൽ കനൽത്തിളക്കം..
കരളിൽ കദനഭാരം..
ചിറകു മുളച്ചു
നീ വീണ്ടും വിരുന്നു വരുവാൻ
കൂടൊന്നൊരുക്കി ഈ
തളിർ ചില്ലയിൽ ഞാൻ...,
അല്ല, ഞങ്ങൾ...