ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന ദിവസം സി.പി.എം പ്രതിഷേധിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ഫെബ്രുവരി 24, 25 തീയതികളിൽ ട്രംപ് പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാർട്ടി പ്രവർത്തകർ പ്രക്ഷോഭം നടത്തുമെന്നും യെച്ചൂരി പറഞ്ഞു.
ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദർശിക്കും.ഇതു സംബന്ധിച്ച് നേരത്തെ ട്രംപും നരേന്ദ്രമോദിയും ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതു പ്രകാരമാണ് ട്രംപിന്റെ സന്ദർശനത്തിൽ ധാരണയായത്. രണ്ട് കാര്യങ്ങളിൽ ആണ് പ്രതിഷേധം നടക്കുകയെന്ന് യെച്ചൂരി പറഞ്ഞു.“ആദ്യം അമേരിക്ക മോദിയിൽ സമ്മർദ്ദം ചെലുത്തുന്നു , പൗരത്വ ഭേദഗതി നിയമം, ആർട്ടിക്കിൾ 370, തുടങ്ങിയ വിഷയങ്ങളിൽ മോദിക്ക് പിന്തുണ നൽകുന്നത് വഴി അവർ നേടാൻ ആഗ്രഹിക്കുന്ന നേട്ടമാണ് ലഭിക്കുന്നത്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും അവർക്കായി തുറക്കാൻ മോദി വഴങ്ങുകയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
അതേസമയം ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കാൽ ലക്ഷം കോടി രൂപയുടെ ഹെലികോപ്‌ടർ ഇടപാടിന് ധാരണയായി. 30 ഹെലികോപ്‌ടറുകൾ വാങ്ങാനാണ് തീരുമാനം. ഇക്കാര്യം അടുത്ത ആഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എം.എച്ച്-60ആർ സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് വിവരം.