pachauri

ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി, സാമ്പത്തിക വിദഗ്ദ്ധനും 'ദ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട്" (ടെറി) മുൻ ഡയറക്ടറുമായ ഡോ. രാജേന്ദ്ര കെ. പച്ചൗരി (ആർ.കെ. പച്ചൗരി, 79) അന്തരിച്ചു.എസ്‌‌കോർട്സ് ഹാർട്ട് ഇൻസ്റ്റ്യൂട്ടിൽ ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

2007ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ട യു.എൻ കാലാവസ്‌ഥാമാറ്റ ഗവേഷണ സമിതിയുടെ (ഐ.പി.സി.സി) അദ്ധ്യക്ഷനായിരുന്നു. ഭൂമിക്കും മനുഷ്യനും ഹാനികരമായ കാലാവസ്‌ഥാ മാറ്റത്തെപ്പറ്റിയുള്ള ബോധവത്കരണ ശ്രമങ്ങളാണ് നൊബേൽ ബഹുമതിക്ക് ഐ.പി.സി.സിയെ അർഹമാക്കിയത്. 130ഓളം രാജ്യങ്ങളിൽ നിന്നുള്ള ശാസ്‌ത്രജ്‌ഞരും ഗവേഷകരും ഉൾപ്പെടുന്ന ഐ.പി.സി.സിയെ കൃത്യതയുള്ള ലക്ഷ്യബോധത്തോടെയാണ് പച്ചൗരി നയിച്ചത്. ആഗോളതാപനം മുതൽ അപ്രതീക്ഷിത പ്രളയം വരെ മനുഷ്യ ജനിതമാണെന്ന് ഐ.പി.സി.സി കാര്യകാരണസഹിതം വ്യക്‌തമാക്കിക്കൊണ്ടിരുന്നു. യു.എൻ അടക്കമുള്ള രാജ്യാന്തര പ്രസ്‌ഥാനങ്ങൾ ഹാനികരമായ കാലാവസ്‌ഥാ മാറ്റത്തെ അതീവ ഗൗരവത്തോടെ കാണാൻ തുടങ്ങിയത് ഐ.പി.സി.സിയുടെ പ്രവർത്തനഫലമായാണ്.

നൈനിറ്റാളിൽ ജനിച്ച പച്ചൗരി, വാരാണസിയിലെ ഡീസൽ ലോക്കോമോട്ടീവിൽ എൻജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. യു.എസിൽ നിന്ന് ഇൻഡസ്‌ട്രിയൽ എൻജിനിയറിംഗിലും സാമ്പത്തിക ശാസ്‌ത്രത്തിലും ഡോക്ടറേറ്റ് നേടി. അവിടെ അദ്ധ്യാപകനായി. 1975ൽ ഇന്ത്യയിൽ മടങ്ങിയെത്തി. പിന്നീട് ടെറി ആയി മാറിയ ടാറ്റാ എൻജി. റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡയറക്‌ടർ ജനറൽ ആയി. ടെറിയെ ഗവേഷണ ഫല മാർക്കറ്റിംഗിലൂടെ സ്വയംപര്യാപ്‌ത സ്‌ഥാപനമായി വളർത്തിയെടുത്തത് പച്ചൗരിയുടെ നേതൃത്വത്തിലായിരുന്നു. ശേഷം പച്ചൗരി ഐ.പി.സി.സി അദ്ധ്യക്ഷനായി.

2015ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹം ടെറിയിലെയും ഐ.പി.സി.സിയിലെയും പദവികൾ ഉപേക്ഷിച്ചിരുന്നു. സരോജ് പച്ചൗരിയാണ് ഭാര്യ. രശ്മി പച്ചൗരി, സൊണാലി പച്ചൗരി എന്നിവർ മക്കളാണ്.