vava-suresh-

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന വാവാ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ആന്റിവെനം നല്‍കി വരികയാണെന്നും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രി സൂപ്രണ്ട് എം..എസ്..ഷർമ്മദ് അറിയിച്ചു.

അണലിയുടെ കടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വെച്ചാണ് സംഭവം.

കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.