ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഉത്തർ പ്രദേശ് പൊലീസ്. അടുത്തുതന്നെ അദ്ദേഹം നടത്തുന്ന ഗോരഖ്നാഥ് ക്ഷേത്ര സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിലെത്തി ഭീകരർ അദ്ദേഹത്തെ ആക്രമിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് യു.പി പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് സുരക്ഷാ ഏജൻസികൾ തങ്ങൾക്ക് രഹസ്യ വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ സംസ്ഥാന പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി എത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് ഫോട്ടോ പതിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോൾ യു.പി പൊലീസ്. മുഖ്യമന്ത്രി എത്തുന്ന ഗോരഖ്പൂരിലും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.