nigraham-10

​​​സിദ്ധാർത്ഥിന്റെ മുഖത്തെ ഭാവമാറ്റം സി.ഐ ഇഗ്‌നേഷ്യസ് കണ്ടറിഞ്ഞു.

''എടാ..." ഇഗ്‌നേഷ്യസ് വിളിച്ചു.

''സാർ..." സിദ്ധാർത്ഥിന്റെ പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു. ''സാറിന് അവരെ വിടാതിരിക്കാൻ പറ്റിയില്ല. അതല്ലേ പറയാൻ വരുന്നത്?"
അവന്റെ കണ്ണുകളെ നേരിടാനാവാതെ ഇഗ്‌നേഷ്യസ് നോട്ടം മാറ്റി.

''ഇനി ആ പാവം പെൺകുട്ടിയോട് സാറിന് എന്തു പറയാൻ കഴിയും? സാധാരണക്കാർക്ക് നിങ്ങൾ പോലീസിനെക്കൊണ്ട് എന്താണു സാർ പ്രയോജനം?"

സിദ്ധാർത്ഥിന്റെ ശ്വാസഗതിക്കു വേഗതയേറി:

''വാസ്തവത്തിൽ ഇങ്ങനെയൊരു ഡിപ്പാർട്ട്‌മെന്റ് എന്തിനാണു സാർ? മന്ത്രിമാർക്ക് എസ്‌കോർട്ടു പോകാനും രാഷ്ട്രീയക്കാരുടെയും പണക്കാരുടെയും ചട്ടുകമായി നിൽക്കാൻ മാത്രമോ?"

വികാര വിക്ഷോഭം കാരണം സിദ്ധാർത്ഥിന്റെ ശബ്ദം പതറി:

''സിദ്ധാർത്ഥ് നിന്റെ വികാരം ഞാൻ മനസ്സിലാക്കുന്നു. ബട്ട്...." ഇഗ്‌‌നേഷ്യസിനു പതർച്ച തോന്നി.

''ഒന്നുമില്ല സാർ..." അവൻ എഴുന്നേറ്റു. ''സാറിന് ഇക്കാര്യം മാളവികയോടു പറയാൻ ബുദ്ധിമുട്ടുണ്ട്. അല്ലേ. എനിക്കറിയാം. സാരമില്ല... ഞാൻ പറഞ്ഞോളാം. വല്ല നിവർത്തിയുമുണ്ടെങ്കിൽ ഒരു കാര്യത്തിലും പോലീസിൽ കംപ്ളയിന്റു കൊടുക്കരുതെന്ന്."

സി.ഐയുടെ മറുപടിക്കു കാക്കാതെ അവൻ തിരിഞ്ഞു നടന്നു.

''ഒന്നു നിന്നേടാ." പിന്നിൽ നിന്ന് ഇഗ്‌നേഷ്യസിന്റെ ശബ്ദം.

സിദ്ധാർത്ഥ് നിന്നു. പിന്നെ തോളിനു മുകളിലൂടെ തല തിരിച്ചു നോക്കി.

ഇഗ്‌നേഷ്യസും തന്റെ കസേരയിൽ നിന്നെഴുന്നേറ്റു.

''നീ ഒന്നു സൂക്ഷിക്കണം."

സിദ്ധാർത്ഥിന്റെ നെറ്റി ചുളിഞ്ഞു.

''എന്താ സാർ?"

''ഞങ്ങൾ അറസ്റ്റുചെയ്തുകൊണ്ടു പോന്നവർ തലസ്ഥാനത്തെ വമ്പന്മാരുടെ മക്കളാ. നീ അവരെ തല്ലി എന്നറിഞ്ഞു."

''അതെ. പക്ഷേ അവർ എന്നെയും തല്ലിയല്ലോ." അവൻ തർക്കിച്ചു.

''ശരിയാണ്. അവർക്ക് നിന്നോട് തീർത്താൽ തീരാത്ത പകയുണ്ട്. എന്നോടും. ഈരണ്ടെണ്ണം കൊടുത്തതിനു ശേഷമാ അവന്മാരെ ഞാൻ വിട്ടത്. എന്നെയും പിന്നെ നിന്നെയും കാണിച്ചുതരാം എന്നു പറഞ്ഞിട്ടാ അവരു പോയത്."

''ഓഹോ." സിദ്ധാർത്ഥിന്റെ മുഖം മുറുകി." എന്നെ കാണിക്കാനിങ്ങു വരട്ടെ. അത് ഞാൻ ഹാൻഡിൽ ചെയ്തോളാം. പക്ഷേ ഒരു കാര്യം. അവന്മാര് കംപ്ളയിന്റുമായിട്ടു വരുമ്പഴും സാറ് നേരത്തെ ചെയ്തതുപോലെ തന്നെ ചെയ്തേക്കണം. എന്റെ പേരിൽ കേസുണ്ടാകരുത്."

അതുമാത്രം പറഞ്ഞിട്ട് സിദ്ധാർത്ഥ് ഹാഫ് ഡോർ തുറന്നു പുറത്തുകടന്നു.

അവനെ കണ്ട് മാളവിക വേഗം കസേരയിൽ നിന്നെഴുന്നേറ്റു.

''സാറ് എന്തുപറഞ്ഞു?"

''വാ പറയാം."

അവൻ വെളിയിലേക്കു നടന്നു. മാളവിക പിന്നാലെയെത്തി.

''പരാതി എഴുതി കൊടുക്കണ്ടേ ചേട്ടാ?"

ഓട്ടോയ്ക്ക് അരുകിൽ എത്തിയപ്പോൾ മാത്രമേ സിദ്ധാർത്ഥ് നിന്നുള്ളു.

ശേഷം അവൻ മാളവികയ്ക്കു മറുപടി നൽകി.

''പരാതി കൊടുത്തിട്ടു കാര്യമില്ല. അവന്മാർ രക്ഷപെട്ടു. സാരമില്ല മാളവികേ. നമുക്കും വരും അവസരങ്ങൾ... ങ്‌ഹാ നീ കേറ്. ഞാൻ വീട്ടിലെത്തിക്കാം."

സിദ്ധാർത്ഥ് പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ല മാളവികയ്ക്ക്. സന്ദേഹത്തോടെ അവൾ ഓട്ടോയിൽ കയറി.

*****

ഷാജി ചെങ്ങറയുടെ ബംഗ്ളാവ്. അവന്റെ പ്രൈവറ്റ് റൂമിൽ ഉണ്ടായിരുന്നു ഇന്നോവയിൽ വന്ന നാലുപേരും.

ആദ്യ കുപ്പി മദ്യം തീർന്നപ്പോൾ ഷാജി ഒരു കുപ്പി ബർക്കാഡി ലെമൺ കൂടി എടുത്തുവച്ചു.

മൊട്ടത്തലയൻ ഡ്രൈവർക്ക് അമർഷം അടങ്ങുന്നില്ല.

''ഷാജീ... ഇവിടെ വന്നുകയറിയ ഇരയെ നീ വിട്ടുകളഞ്ഞു. അതൊട്ടും ശരിയായില്ല."

അയാൾ ഗ്ളാസിലേക്ക് മദ്യം പകർന്നു. പിന്നെ തണുത്ത സോഡ കലർത്തി.

''അവള് ഞാൻ കൊടുത്ത ജ്യൂസ് കഴിക്കാതിരുന്നതാ പ്രശ്നമായത്. അല്ലെങ്കിൽ ഇപ്പോൾ.."

പുളിമാങ്ങ തിന്നുന്നതുപോലെ ഷാജി നാവുനീട്ടി ചൊടി നനച്ചു.

ജൂബ്ബധാരിയും ഒരു ഗ്ളാസിൽ പകർന്ന മദ്യം വെറുതെ കൈവിരലുകൾക്കിടയിൽ തിരിച്ചുകൊണ്ടിരുന്നു.

''നീ എന്താടാ ഒന്നും പറയാത്തത്?" ഷാജി അയാൾക്കു നേരെ തിരിഞ്ഞു.

''എനിക്ക് പറയാൻ ഒന്നേയുള്ളു. ആ സി. ഐയും ഓട്ടോ ഡ്രൈവറും. രണ്ടിനേയും ശരിയാക്കാതെ എനിക്ക് ഉറക്കം വരില്ല."

അയാൾ ഒറ്റവലിക്ക് ഗ്ളാസ് കാലിയാക്കി.

''ഞാൻ അപ്പഴേ പറഞ്ഞതല്ലേ നിങ്ങള് പിറകെ പോകണ്ടെന്ന്. അതല്ലേ കുഴപ്പമായത്?"

''പിന്നെ ഒന്നും ചെയ്യാതെ നാല്‌ ലക്ഷം രൂപയുമായി അവളു കടക്കുക എന്നു പറഞ്ഞാൽ..."

ജൂബ്ബാധാരി തല കുടഞ്ഞു.

''ഞാൻ സബ് കളക്ടറുടെ അനുജനാണെന്നു പറഞ്ഞിട്ടുപോലും ആ സി.ഐ എന്നെ തല്ലി. എന്നിട്ട് ചോദിക്കുകയാ നിന്റെ ചേട്ടന്റെ സ്വഭാവം നീയും കാണിക്കുകയാണോന്ന്. മ്യൂസിയത്തിനടുത്തുവച്ച് കാമുകിയുമായി മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് എന്റെ ചേട്ടൻ ഒരാളെ ഇടിച്ചുകൊന്നില്ലേന്ന്."

ഷാജി അമർത്തി മൂളി.

''ഇന്നൊരു പാളി​ച്ച പറ്റി​. പത്രത്തി​ലൊന്നും വരാതി​രി​ക്കാൻ വേണ്ടത് ചെയ്തി​ട്ടുണ്ട് ഞാൻ. ഇതി​പ്പോൾ ആളുകളറി​ഞ്ഞാൽ എന്റെ സ്ഥാപനത്തി​ന്റെ റപ്യൂട്ടേഷനെയല്ലേ ബാധി​ക്കുന്നത്?"

പെട്ടെന്ന് ഗേറ്റ് വാച്ചറുടെ കോൾ ഷാജിക്കു വന്നു.

''സാർ... ഒരാൾ കാണാൻ വന്നിരിക്കുന്നു."

''ആരാ?"

ചോദിച്ചുകൊണ്ട് അയാൾ ടിവിയിലേക്കു നോക്കി.

സി.സി.ടിവി ദൃശ്യങ്ങൾ അവിടെ കാണുന്നുണ്ടായിരുന്നു.

''ഒരു ഓട്ടോക്കാരനാ." വാച്ചറുടെ ശബ്ദം.

ഓട്ടോയിൽ നിന്നു പുറത്തിറങ്ങി നിൽക്കുന്ന ആളിന്റെ ചിത്രത്തിലേക്ക് ഷാജി നോക്കി. ഒപ്പം മറ്റുള്ളവരും.

''അത് അവനാ." പെട്ടെന്ന് മൊട്ടത്തലയൻ പറഞ്ഞു.

(തുടരും)