local

അഞ്ചൽ: വ്യാജമരുന്ന് നൽകി നിരവധിപേരെ രോഗികളാക്കിയ കേസിൽ ഒളിവിലായിരുന്ന മുഖ്യ വൈദ്യനും കൂട്ടാളിയായ സഹോദരനും അറസ്റ്റിലായി. തെലങ്കാന കമ്മം ജില്ലയിലെ മുൾക്കന്നൂർ ചെന്നൂരി പ്രസാദ് ( 34), അനുജൻ ചെന്നൂരി ഏലാദി (30) എന്നിവരാണ് അറസ്റ്റിലായത്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവർ അഞ്ചായി.


ഏരൂർ, പത്തടി പ്രദേശത്ത് ചെന്നൂരി പ്രസാദിന്റെ നേതൃത്വത്തിലുള്ള വ്യാജ വൈദ്യസംഘം നിരവധിയാളുകൾക്ക് മെർക്കുറിയും വേദനസംഹാരി മരുന്നുകളും വലിയ അളവിൽ ചേർത്തുണ്ടാക്കിയ മരുന്ന് നൽകി ചികിത്സ നടത്തിയിരുന്നു. ഇവരുടെ മരുന്നു കഴിച്ച നാലു വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടത്തെ ഡോക്ടർമാരാണ് രോഗകാരണം ലാടമരുന്നാണെന്നു കണ്ടെത്തിയത്. ഇതേത്തുടർന്ന് ഇവരുടെ മരുന്ന് കഴിച്ച നിരവധിയാളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയുണ്ടായി. നേരത്തേേ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാനികളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. നിരീക്ഷണം തുടർന്ന പൊലീസ് പുനലൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏരൂർ എസ്.എച്ച്.ഒ സുബാഷ് കുമാർ, എസ്.ഐ സജികുമാർ, സി.പി.ഒമാരായ അഭീഷ്, അനസ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.