''ആരാ?"
ഷാജി ചെങ്ങറ മൊട്ടത്തലയനെ നോക്കി.
''ഞങ്ങളെ തല്ലിയ ഓട്ടോക്കാരൻ."
''അവനോ?" ഷാജിയുടെ പുരികം ചുളിഞ്ഞു.
മറ്റുള്ളവരും സിദ്ധാർത്ഥിനെ തിരിച്ചറിഞ്ഞു.
''അവനെ കേറ്റിവിട്."
ഷാജി വാച്ചർക്കു നിർദ്ദേശം നൽകി. പിന്നെ മറ്റുള്ളവരോടു പറഞ്ഞു:
''ഇവിടെ വച്ച് അവനെ ഒന്നും ചെയ്യരുത്. അവന്റെ ഉദ്ദേശ്യം എന്താണെന്ന് ഒന്നറിയാം. ഈ ഓട്ടോക്കാർ എന്നു പറഞ്ഞാൽ സൂക്ഷിക്കണം. കൂട്ടത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കടന്നൽക്കൂട് ഇളകിവരുന്നതുപോലെ വന്നു കളയും."
ഷാജി എഴുന്നേറ്റു.
''ഞാൻ തിരക്കിയിട്ടുവരാം, അവന് എന്തുവേണമെന്ന്."
''ഞങ്ങളും വരുന്നു അവനെ ശരിക്കൊന്നു കണ്ടിരിക്കാം."
അവർ നാലുപേരും കൂടി ഷാജിയുടെ പിന്നാലെ ഹാളിലേക്കു നടന്നു.
കോളിംഗ് ബെൽ ശബ്ദിച്ചു.
ഷാജി ചെങ്ങറ ചെന്നു വാതിൽ തുറന്നു. കൈകൾ നെഞ്ചിൽ കെട്ടി അലക്ഷ്യഭാവത്തിൽ നിൽക്കുകയായിരുന്നു സിദ്ധാർത്ഥ്.
ഷാജി അവനെ ആദ്യം കാണുകയാണ്. എന്തിനും പോന്നവനെന്ന് പ്രഥമദൃഷ്ട്യാതന്നെ ഷാജിക്കുറപ്പായി.
''എന്തുവേണം?"
ദേഷ്യം കടിച്ചമർത്തി ഷാജി തിരക്കി.
അയാളുടെ പിന്നിൽ നിൽക്കുന്നവരെ സിദ്ധാർത്ഥ് തിരിച്ചറിഞ്ഞു.
''വേണ്ടത് എനിക്കല്ല നിങ്ങൾക്കല്ലേ സാറമ്മാരേ... എന്നെ നിങ്ങൾക്ക് കാണണമെന്ന് സി.ഐ സാർ പറഞ്ഞു." സിദ്ധാർത്ഥ് മുന്നോട്ടു നീങ്ങി സിറ്റൗട്ടിന്റെ റെയ്ലിൽ പിടിച്ചുനിന്നു.
''എങ്കിൽ പിന്നെ ഒന്നു വന്ന് കണ്ടേച്ചു പോകാമെന്നു കരുതി സാറേ... കാരണം എപ്പഴും എനിക്കൊക്കെ സമയം കിട്ടീന്നു വരില്ല."
ഷാജിയും കൂട്ടുകാരും പരസ്പരം നോക്കി.
സിദ്ധാർത്ഥ് തുടർന്നു:
''വല്ലതും പറയാനോ ചെയ്യാനോ ഉണ്ടെങ്കിൽ ഇപ്പഴങ്ങ് ചെയ്തേക്കണം."
അവന്റെ ആ നിൽപ്പും സംസാരരീതിയുമൊന്നും ഷാജിയുടെ കൂട്ടുകാർക്ക് ഇഷ്ടമായില്ല.
''ഞങ്ങൾക്ക് പറയാനും ചെയ്യാനുമുണ്ടെടാ. അത് വേണ്ട സമയത്ത് ഞങ്ങളങ്ങു ചെയ്യും."
മൊട്ടത്തലയൻ പറഞ്ഞു.
സിദ്ധാർത്ഥിന്റെ ചുണ്ടിൻകോണിൽ ഒരു ചിരി മിന്നി.
''അപ്പോൾ ഞാൻ കാത്തിരിക്കണം എന്നർത്ഥം. സാരമില്ല. ആവശ്യമായിപ്പോയില്ലേ. പിന്നെ... എന്നെ കാണാൻ വരുന്നത് തന്തയോടും തള്ളയോടുമൊക്കെ പറഞ്ഞിട്ടേ ആകാവൂ. കാരണം ചിലനേരത്ത് എനിക്ക് എന്നെത്തന്നെ പിടിക്കത്തില്ല."
''എന്നാൽ പിന്നത്തേക്കു വയ്ക്കുന്നില്ല. ഇപ്പത്തന്നെ അങ്ങ് കണ്ടേക്കാമെടാ." ചീറിക്കൊണ്ട് ജൂബ്ബാധാരി മുന്നോട്ടാഞ്ഞു.
''എടാ വേണ്ടാ..."
ഷാജി അയാളെ പിടിച്ചു നിർത്തി. ശേഷം സിദ്ധാർത്ഥിനോടു പറഞ്ഞു.
''നിനക്കും പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെങ്കിൽ പോകാം."
''അങ്ങനെ പോകാൻ പറ്റത്തില്ലല്ലോ സാറേ..."
അവൻ തിരിഞ്ഞ് ഓട്ടോയിലേക്കു നോക്കി.
''ഇറങ്ങിവാ മാളവികേ."
ഓട്ടോയിൽ നിന്നിറങ്ങിയ അവളെ കണ്ട് ഷാജിയും സുഹൃത്തുക്കളും കൺമിഴിച്ചു.
''അതിങ്ങ് താടീ."
സിദ്ധാർത്ഥ് അവൾക്കു നേരെ കൈ നീട്ടി. മാളവിക ഹാന്റ്‌ബാഗിൽ നിന്ന് രണ്ടായിരത്തിന്റെ രണ്ടു നോട്ടുകെട്ടുകൾ എടുത്ത് അവനു നൽകി.
സിദ്ധാർത്ഥ് അത് ഷാജിയുടെ കാൽക്കലേക്കെറിഞ്ഞു.
''ഒന്നും പുറത്തു പറയാതിരിക്കാൻ നിങ്ങൾ ഇവൾക്കു കൊടുത്ത പണമാ. അതുകൊണ്ടുപോയി കൂടെ നിൽക്കുന്നവന്മാരുടെ പെങ്ങന്മാർക്കു കൊടുക്ക്."
കവിളടക്കം ഒരടി കിട്ടിയതുപോലെ തോന്നി ഷാജിക്ക്.
''വിക്ടർ." അയാൾ ഉച്ചത്തിൽ വിളിച്ചു.
ഗേറ്റിൽ നിന്ന് വാച്ചർ ഓടിവന്നു.
''ഇവനെ പിടിച്ചു പുറത്താക്ക്." ഷാജി കൽപ്പിച്ചു.
വാച്ചർ മുന്നോട്ടുവന്നതും സിദ്ധാർത്ഥിന്റെ ശബ്ദമുയർന്നു.
''നീ എന്റെ ദേഹത്ത് തൊടുമോടാ. എങ്കിൽ ഒന്നു തൊട്ടുനോക്ക്. മൂന്നടിയിൽ കൂടുതൽ പിന്നെ നീ നടക്കില്ല. ഈ മുറ്റത്തുകിടന്ന് ചോര തുപ്പും."
അവന്റെ ആ ഭാവത്തിനു മുന്നിൽ വാച്ചർ ഭയന്നുപോയി.
''ഞങ്ങള് ഇപ്പത്തന്നെ ഇവനെയങ്ങ് തീർത്തേക്കാം ഷാജീ. എന്നിട്ട് അവളെയിങ്ങെടുക്കാം."
മൊട്ടത്തലയൻ മന്ത്രിക്കുന്നത് സിദ്ധാർത്ഥ് കേട്ടു.
''എന്നാലിങ്ങ് വാടാ." സിദ്ധാർത്ഥ് കൈയാട്ടി വിളിച്ചു. ''മോനേ ഇത് കോന്നിയാ. നീയൊക്കെ ഇരുട്ടിന്റെ മറവിൽ തലസ്ഥാന നഗരിയിൽ കാണിക്കുന്ന പെറപ്പുകേടൊന്നും ഇവിടെ നടക്കത്തില്ല."
ശേഷം അവൻ തിരിഞ്ഞ് മാളവികയെ നോക്കി.
''നിനക്ക് വല്ലതും പറയാനുണ്ടോ?"
''ഇല്ല ചേട്ടാ. അമ്മയേം പെങ്ങളേം തിരിച്ചറിയാൻ പാടില്ലാത്തവന്മാരോട് എന്തു പറയാൻ? ത്‌ഫൂ."
മാളവിക ഒന്നു നീട്ടിത്തുപ്പി. ശേഷം ഓട്ടോയിൽ കയറിയിരുന്നു.
സിദ്ധാർത്ഥിന്റെ നോട്ടം വാച്ചറിലായി.
''വാഴപ്പിണ്ടി പോലെ നിൽക്കാതെ പോയി ഗേറ്റ് തുറക്കെടാ വേഗം."
വാച്ചർ ഗേറ്റിലേക്ക് ഓടി.
''ഛേ..." വിഷമവും ദേഷ്യവും ഒന്നിച്ചുണ്ടായി ഷാജിക്ക്.
''അപ്പഴ് ഞാൻ പോകുവാ. പിന്നെ എനിക്കെതിരെ കളിക്കാനാണ് ഭാവമെങ്കിൽ ഷാജിസാറേ... രണ്ട് മൂന്നുവട്ടം ചിന്തിച്ചേക്കണം. ഇവിടെ കേറിവന്ന് വെട്ടിമലർത്തിയിട്ട് പോകും ഞാൻ..."
സിദ്ധാർത്ഥും ഓട്ടോയിൽ കയറി.
അത് ഗേറ്റു കടന്നു പോയി.
''ഛേ..." ജൂബ്ബാധാരി കൈ ചുരുട്ടി ഭിത്തിയിലിടിച്ചു. ''ഷാജീ. നീ എന്നെ തടയാൻ പാടില്ലായിരുന്നു."
''ഷാജി ചെങ്ങറ ക്രൂരമായി ചിരിച്ചു.
''അവന്റെ കാര്യം എനിക്ക് വിട്ടേര്. ഞാൻ ഫുൾസ്‌റ്റോപ്പ് ഇട്ടോളാം."
''എന്നാലും ആ പെണ്ണിന്റെ ഒരു സൗന്ദര്യമേ..."
മൊട്ടത്തലയന് സഹിക്കാൻ കഴിയുന്നില്ല.
''അവളുടെ കല്യാണം ഇനി നടക്കില്ലല്ലോ. ഒരിക്കലും അത് നടക്കാനും പോകുന്നില്ല. അതിന് ഞാൻ സമ്മതിക്കില്ല. നിങ്ങൾ വിശ്വസിച്ചോളൂ."
ഷാജിയുടെ കണ്ണുകൾ ചുവന്നു.
മനസ്സിൽ മുറിവേറ്റ വന്യമൃഗം വല്ലാതെ മുരണ്ടു.
(തുടരും)