chitharesh-natesan

ചിത്തരേശ് നടേശൻ എന്ന പേര് ഇപ്പോൾ മലയാളികൾക്ക് പരിചിതമായി കഴിഞ്ഞു. ലോകശരീര സൗന്ദര്യ മത്സരത്തിൽ ചിത്തരേശ് നേടിയ അത്യുജ്വല വിജയം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തുകയായിരുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരാൾ മിസ്റ്റർ വേൾഡ് ടൈറ്റിലിൽ എത്തിയ നിമിഷം കൂടിയായിരുന്നു അത്. എന്നാൽ തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ സ്വപ്രയത്നത്തോടൊപ്പം മറ്റൊരാൾക്കു കൂടി പങ്കുണ്ടെന്ന് പറയുകയാണ് ചിത്തരേശ്. പ്രിയപത്നി നസീബയ്‌ക്ക് തന്നെയാണ് ലോകചാമ്പ്യൻ ആ ക്രെഡിറ്റ് നൽകുന്നത്. ഡംബലിനോടും ബാർബലിനോടും മാത്രമല്ല തനിക്ക് പ്രണയമെന്ന് പറയാൻ ഈ വാലന്റൈൻ ദിനം തന്നെയാണ് ചിത്തരേശ് നടേശൻ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലോകചാമ്പ്യൻ പ്രണയിനിയെ പരിചയപ്പെടുത്തുന്നു.

chitharesh-natesan

'2013ൽ ആണ് നസീബയെ ആദ്യമായിട്ട് കാണുന്നത്. ഞാൻ ഡൽഹിയിൽ എത്തിയ സമയമായിരുന്നു അത്. നസീബ അന്ന് ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് ഇന്ത്യ കാണാൻ എത്തിയതാണ്. ബോഡി ബിൽഡിംഗിനിടയിൽ ഡാൻസും എങ്ങിനെയോ എന്റെ മനസിൽ കയറി. അങ്ങനെ ലാറ്റിൻ ഡാൻസ് തന്നെ പഠിച്ചുകളയാം എന്ന തീരുമാനമാണ് നസീബയിലേക്ക് എത്തിച്ചത്.

ഡംബൽസിനോടുള്ള പ്രണയം നസീബയിലേക്കെത്താൻ അധികം താമസിച്ചില്ല

ഒരുകൊല്ലത്തോളം നല്ല അസലായിട്ട് പ്രണയിച്ചു. പ്രണയാഭ്യർത്ഥനയ്‌ക്ക് ഞാൻ തന്നെയാണ് മുൻകൈ എടുത്തത്. അതിനു ശേഷമായിരുന്നു വിവാഹം. പുരുഷന്റെ ജീവിത വിജയത്തിന് പിന്നിൽ സ്ത്രീക്ക് വളരെ വലിയ പങ്കുണ്ടെന്ന് പറയാറില്ലേ? സത്യത്തിൽ അത് എന്റെ ജീവിതത്തിൽ അക്ഷരംപ്രതി പ്രാവർത്തികമാവുകയായിരുന്നു. നസീബ വന്നതിനുശേഷമായിരുന്നു കരിയറിലെ ഓരോ നേട്ടവും എന്നെ തേടി വന്നത്. 2015 തുടങ്ങി പങ്കെടുത്ത എല്ലാ ചാമ്പ്യൻഷിപ്പിലെയും വിജയം എനിക്കൊപ്പമായിരുന്നു. നേര് പറഞ്ഞാൽ സ്വന്തം സ്‌റ്റൈൽ പോലും ഞാൻ മാറ്റിയതിന് പിന്നിൽ നസീബയാണ്.

chitharesh-natesan

'വെറുതെ ഒരു ഭാര്യ' അല്ല

വളരെ എക്‌സ്‌പെൻസീവ് ആയ ഫീൽഡാണ് ഞാൻ കരിയറായി തിരഞ്ഞെടുത്തത്. പ്രത്യേകിച്ച് വിവാഹിതനും കൂടി ആകുമ്പോൾ ജീവിതപങ്കാളിയുടെ പിന്തുണയില്ലെങ്കിൽ നമുക്ക് മുന്നോട്ട് പോകാനും കഴിയില്ല. ഓരോ മത്സരത്തിന് പിന്നിലുള്ള ഒരുക്കങ്ങളുടെ ചെലവ് ലക്ഷങ്ങളാണ്. അതിലെല്ലാം ഉപരി വ്യക്തിപരമായ പല നിമിഷങ്ങളും ഇതിനായിട്ട് താൽകാലികമായെങ്കിലും നമുക്ക് നഷ്‌ടപ്പെട്ടേക്കാം. ഇവിടെയെല്ലാം എനിക്ക് പൂർണ പിന്തുണ നൽകി നസീബ എപ്പോഴും ഒപ്പമുണ്ടായിരുന്നു. പക്ഷേ ലോകചാമ്പ്യൻഷിപ്പ് നേടിയതിനുള്ള ശേഷമുള്ള ഞങ്ങളുടെ ആഘോഷത്തിന് അത് ഇരട്ടി മധുരം പകർന്നു.

ആദ്യത്തെ പരിഭവമൊന്നും വീട്ടുകാർക്ക് ഇപ്പോഴില്ല

എന്റെ തീരുമാനത്തിൽ സ്വാഭാവികമായും വീട്ടുകാർക്ക് ആദ്യമൊക്കെ പരിഭവമുണ്ടായിരുന്നു. നസീബയുടെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറി കേട്ടോ. എല്ലാവർക്കും പരസ്‌പരം ഒരുപാട് ഇഷ്‌ടമാണ്. ഭാഷ മാത്രമാണ് ആകെയുള്ള ഒരു പ്രോബ്ളം. നസീബയ്‌ക്ക് മലയാളം അറിയില്ല. ഇംഗ്ളീഷിനൊപ്പം ഹിന്ദി നന്നായി സംസാരിക്കും. പക്ഷേ നമ്മുടെ വീട്ടിൽ അത് പറ്റില്ലല്ലോ? (ചിരിക്കുന്നു).

chitharesh-natesan

കൊച്ചിയാണ് ഞങ്ങളുടെ ഫേവറൈറ്റ്

കേരളത്തിൽ വരുമ്പോഴൊക്കെ കൊച്ചി ഞങ്ങൾ മിസ് ചെയ്യാറില്ല. നസീബയ്‌ക്ക് കൊച്ചിയോട് ഒരു പ്രത്യേത ഇഷ്‌ടമുണ്ട്. ഡൽഹിയിൽ മെഡിക്കൽ ടൂറിസമാണ് പ്രൊഫഷനായിട്ട് എടുത്തിരിക്കുന്നത്. പുള്ളിക്കാരി അതിൽ ഹാപ്പിയാണ് ഒപ്പം ഞാനും.

മസിൽ പിടിത്തത്തിന് ചെറിയൊരു ഇടവേള

ഉടനെയൊന്നും ഒരു മത്സരത്തിന് ഇറങ്ങാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. ലോകചാമ്പ്യൻ പട്ടം നേടി സ്വപ്‌നം സാക്ഷാത്‌കരിക്കാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ അതിനു വേണ്ടി സാമ്പത്തികമായി ഒരുപാട് സ്‌ട്രെയിൻ എടുക്കേണ്ടി വന്നു. ഇനി സുരക്ഷിതമായ ഒരു ജോലിയാണ് ആവശ്യം. സംസ്ഥാന സർക്കാർ അക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്.