അബുദാബി: ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായമാണ് അബുദാബിയിൽ പണിതുയരുന്ന ഹിന്ദു ക്ഷേത്രം. അബുദാബി ദുബായ് പാതയിൽ അബൂമുറൈറഖയിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. ബാബ സ്വാമിനാരായണൻ സൻസ്തയുടെ ആത്മീയാചാര്യൻ സ്വാമി മഹദ് മഹാരാജിൻറെ കാർമികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ കഴിഞ്ഞ വർഷം നടന്നത്. ഇപ്പോൾ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. അറബ് ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ടാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ നിർമ്മാണങ്ങൾ നടക്കുന്നത്.
പൂർണമായും ഇന്ത്യൻ ശൈലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ കോൺക്രീറ്റ് പണികൾ ഇന്നലെയാണ് ആരംഭിച്ചത്. 3000 ക്യുബിക് മീറ്രർ കോൺക്രീറ്റ് മിക്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 55 ശതമാനവും ഫ്ലൈ ആഷാണ്. കൂടാതെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാൽ, കോൺക്രീറ്റ് നിർമ്മാണത്തിലും കെട്ടിടത്തിന്റെ ഒരു ഭാഗത്തും ഇരുമ്പിന്റെയോ സ്റ്റീലിന്റെയോ ഒരു അംശം പോലും ഉപയോഗിക്കില്ല. ഇന്ത്യയിലെ പ്രാചീനശിലാ കെട്ടിടങ്ങളുടെ വാസ്തുവിദ്യ പിന്തുടരുന്നതിന് വേണ്ടിയാണിത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും അബുബാബിയിലെ പ്രവാസി സമൂഹവും പങ്കെടുത്തിരുന്നു.
അടുത്ത 50 വർഷത്തേക്ക് മർദ്ദം, താപനില, ഭൂകമ്പം സംബന്ധിച്ച ഓൺലൈൻ വിവരങ്ങൾ നൽകുന്നതിനായി ക്ഷേത്രത്തിൽ 300ൽ അധികം ഹൈടെക് സെൻസറുകൾ സ്ഥാപിക്കും. ക്ഷേത്രത്തിന്റെ 10 വ്യത്യസ്ത തലങ്ങളിലാണ് ഇത് ഉൾക്കൊള്ളിക്കുക. ആദ്യമായാണ് ഇത്തരത്തിൽ സാങ്കേതിക വിദ്യയുമായി ഒരു ക്ഷേത്രം മിഡിൽ ഈസ്റ്റിൽ ഉയരുന്നത്. ക്ഷേത്രത്തിന്റെ ശിലാഫലകത്തിലുള്ള കൊത്തുപണികൾ ഇന്ത്യയിൽ നിന്ന് വിദഗ്ദ്ധരായ കരകൗശല കലാകാരന്മാർ നിർവഹിക്കും. 3000 ശിൽപികൾ കൊത്തിയെടുത്ത 12,350 ടൺ പിങ്ക് മാർബിളും 5000 ടൺ ഇറ്റാലിയൻ മാർബിളും എത്തിച്ച് ക്ഷേത്രത്തെ മനോഹരമാക്കും. യു.എ.ഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റൻ ഗോപുരങ്ങളോടുകൂടി നിർമിക്കുന്ന ക്ഷേത്രം 2022ൽ പൂർത്തിയാകും
അബുദാബിയിൽ യു.എ.ഇ സർക്കാരിന്റെ പങ്കാളിത്തത്തോടെ നിർമിക്കുന്ന ക്ഷേത്രത്തിന് വാഹന പാർക്കിംഗിന് വേണ്ടി യു.എ.ഇ ഭരണകൂടം 13 ഏക്കർ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിർമാണത്തിനിടെ സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കർ സ്ഥലവും നൽകിയിട്ടുണ്ട്. 13.5 ഏക്കർ ഭൂമിയിലാണ്‌ക്ഷേത്ര നിർമാണം നടക്കുന്നത്.
എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യു.എ.ഇ സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ഹിന്ദു മത ആചാരങ്ങൾ അനുസരിച്ച് മദ്ധ്യേഷ്യയിൽ നിർമ്മിക്കുന്ന ആദ്യക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളിൽ ശ്രീകൃഷ്ണൻ, ശിവൻ, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകും. 55,000 സ്‌ക്വയർ ഫീറ്റ് ചുറ്റളവിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ഹിന്ദു മതവിശ്വാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും പ്രവേശനം അനുവദിക്കും.