ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച ഗൊരഖ്പൂരിലെ ശിശുരോഗവിദഗ്ദ്ധൻ ഡോ. കഫീൽഖാനെതിരെ ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തി കേസെടുത്തു. ഡിസംബർ 12ന് അലിഗഡ് മുസ്ളിം സർവകലാശാലയിൽ നടത്തിയ പ്രസംഗം പ്രകോപനപരവും മതസ്പർദ്ധ വളർത്തുന്നതുമാണെന്നാണ് ആരോപണം. ജനുവരി 29ന് മുംബയ് വിമാനത്താവളത്തിൽ വച്ച് കഫീൽ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹം മഥുര ജയിലിൽ തുടരുകയാണ്.
13ന് ജാമ്യനടപടികൾ വേഗത്തിലാക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജയിൽ അധികൃതരോട് നിർദ്ദേശിച്ചിരുന്നു. മോചനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖാന്റെ കുടുംബം ഹർജി നൽകിയതിനെ തുടർന്നായിരുന്നു നടപടി. ഇതിനിടെയാണ് കഫീൽഖാനെതിരെ എൻ.എസ്.എ ചുമത്തിയത്. 'ജയിലിൽ നിന്നു പുറത്തിറങ്ങാതിരിക്കാനാണ് എൻ.എസ്.എ ചുമത്തിയത്. ഇത് അംഗീകരിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണിത്."- കഫീൽഖാന്റെ സഹോദരൻ അദീൽ ഖാൻ ആരോപിച്ചു . മുംബയിൽ അറസ്റ്റിലായ ശേഷം ഡോ. ഖാനെ അലിഗഡിലേക്ക് കൊണ്ടുവന്നെങ്കിലും പിന്നീട് വളരെ അകലെയുള്ള മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു. ഡോ. ഖാനെ അലിഗഡ് ജയിലിൽ എത്തിച്ചാൽ ക്രമസമാധാനനില വഷളാകുമെന്നാണ് പൊലീസിന്റെ വാദം.
ഉത്തർപ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധനായിരുന്ന കഫീൽഖാൻ ഓക്‌സിജൻ കിട്ടാതെ ശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ഇടപെട്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ജയിലിൽ അടച്ചെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.