കാതുകൾ കേൾക്കാനുള്ളതല്ല കാണാനുള്ളതാണെന്നും കണ്ണുകൾ കാണാനുള്ളതല്ല കേൾക്കാനുള്ളതാണെന്നും ആരെങ്കിലും പറഞ്ഞാൽ നമ്മളത് വിശ്വസിക്കുമോ? ഒരിക്കലുമില്ല. എന്താണ് കാരണം? അതിൽ സത്യത്തിന്റെ അഥവാ നേരിന്റെ ഒരംശം പോലുമില്ലെന്ന തിരിച്ചറിവ് നമുക്കുള്ളതുകൊണ്ടാണ്. ആ തിരിച്ചറിവ് നമുക്കു നല്കുന്നതാകട്ടെ നമ്മുടെ അനുഭവജ്ഞാനമാണ്. അനുഭവം എന്തുതന്നെയായാലും അതിലല്പം പോലും അസത്യമില്ല എന്നതാണ് വാസ്തവം. ഇതുപോലെ നമ്മുടെ അനുഭവജ്ഞാനത്തിലില്ലാത്ത അല്ലെങ്കിൽ തിരിച്ചറിവിലില്ലാത്ത കാര്യങ്ങളിൽ അപവാദങ്ങൾ ഉണ്ടാക്കിയും നടപ്പിൽ വരുത്തിയും പ്രചരിപ്പിച്ചും, അതുള്ളതാണെന്നും സത്യമാണെന്നും ധർമ്മമാണെന്നും വിശ്വസിപ്പിച്ചും, ഒരു വലിയ ജനവിഭാഗത്തെ ബൗദ്ധികമായും മാനസികമായും സാമൂഹികമായും ചൂഷണം ചെയ്തിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അയിത്താചാരവും ജാതിവിവേചനവും അപരിഷ്കൃതമായ ആചാരാനുഷ്ഠാനങ്ങളും നീതിനിഷേധങ്ങളുമൊക്കെ ആ ചൂഷണത്തിന്റെ കണ്ണികളിൽ ചിലതു മാത്രമായിരുന്നു. പൊതുനിരത്തിൽക്കൂടി നടക്കാനും പൊതുവിദ്യാലയങ്ങളിൽ പഠിക്കാനും, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും സാത്വികമായ ആരാധനകൾ നടത്താനും സ്വാതന്ത്ര്യമില്ലാത്ത ഒട്ടേറെ സാമൂഹ്യ ഉച്ചനീചത്വങ്ങൾ ആ ചൂഷണത്തിന്റെ ഭാഗമായി ബലപ്പെട്ടുവന്നതാണ്.
മനുഷ്യൻ മനുഷ്യനെ കണ്ടാൽ വേട്ടമൃഗത്തെപ്പോലെ ഓടിമറയുന്ന ആ കാലത്തിന്റെ ദുഷ്ടതകളെ വാളെടുക്കാതെ വെട്ടിയരിഞ്ഞ ഒരു മഹാവിപ്ലവത്തിന്റെ ഉദയഭേരിയായിരുന്നു 1063 കുംഭം 29-ാം തീയതി അല്ലെങ്കിൽ 1888 മാർച്ച് 11-ാം തീയതിയിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്തു നടന്ന ശിവപ്രതിഷ്ഠ. കാതു കേൾക്കാനുള്ളതാണെന്നും കണ്ണ് കാണാനുള്ളതാണെന്നുമുള്ള പച്ചപ്പരമാർത്ഥം പോലെ മനുഷ്യനെ മനുഷ്യനിൽനിന്നു വേർതിരിക്കുന്നതെല്ലാം അനീതിയാണെന്നും വിവേചനമാണെന്നും അനാദിയായ സത്യത്തിന്റെ ഹിംസയാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ആ മഹാപ്രതിഷ്ഠ. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പിന്നിലുണ്ടായിരുന്ന വിചാരധാര ഇതാണ്. ആ വിചാരധാരയ്ക്കടിസ്ഥാനമായി അരുവിപ്പുറം പ്രതിഷ്ഠ വെളിവാക്കുന്ന മറ്റൊരു ദാർശനികധാര കൂടിയുണ്ട്. തത്ത്വമസി എന്നും അയമാത്മാ ബ്രഹ്മ എന്നും പ്രജ്ഞാനം ബ്രഹ്മ എന്നും അഹം ബ്രഹ്മാസ്മി എന്നുമൊക്കെ നാം കേട്ടിരിക്കുന്ന ഉപനിഷദ് മഹാവാക്യങ്ങൾ പോലെ തന്നെ ആധുനിക യുഗത്തിന്റെ ഏറ്റവും മഹിതമായ മഹാവാക്യമാണ് 'മനുഷ്യാണാം മനുഷ്യത്വം ജാതിഃ" എന്നത്. ജാതിനിർണയം എന്നൊരു ലഘുകൃതിയിലൂടെ ഗുരുദേവതൃപ്പാദങ്ങൾ അരുളിയതാണ് ഈ മഹാവാക്യം. ഈ മഹാവാക്യത്തിന്റെ പൂർണതയും പൂരണവുമാണ് സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന അരുവിപ്പുറം പ്രതിഷ്ഠയുടെ ദാർശനികധാര.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
പ്രതിഷ്ഠാനന്തരം ക്ഷേത്രച്ചുവരിൽ കുറിച്ചിടപ്പെട്ട ഗുരുദേവന്റെ ഈ ചതുഷ്പദി ഇപ്പറഞ്ഞ ദാർശനികധാരയുടെ മന്ത്രമധുരമായ പ്രഖ്യാപനമാണ്. ഇങ്ങനെ അരുവിപ്പുറം പ്രതിഷ്ഠ നല്കുന്ന വിചാരധാരയും ദാർശനികധാരയും നിരീക്ഷിച്ച് വിചിന്തനം ചെയ്യുന്നതായാൽ ഇതു രണ്ടിനും ആധാരമായിരിക്കുന്നത് വിശ്വാസസ്വാതന്ത്ര്യത്തിന്റെ ഇരിപ്പിടമായിട്ടുള്ള ഒരു ദൈവികധാരയാണെന്നു മനസിലാക്കാനാവും. നമ്മുടെ പ്രാണധാര ഏതൊന്നുകൊണ്ടാണോ കൊളുത്തിവയ്ക്കപ്പെട്ടിട്ടുള്ളത് അഥവാ സർവചരാചരങ്ങൾക്കും ആധാരമായിരിക്കുന്ന സത്യം യാതൊന്നാണോ അതാണു ഗുരുദേവന്റെ ദൈവസങ്കല്പത്തിനടിസ്ഥാനം. അങ്ങനെയുള്ളതായ ഈശ്വരസ്വരൂപം ഒന്നേയുള്ളൂ. ആ ഏകദൈവസ്വരൂപത്തെയാണ് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ മുതൽ 1927 ലെ കളവങ്കോടത്തെ കണ്ണാടിപ്രതിഷ്ഠയും ഉല്ലലയിലെ ഓങ്കാരേശ്വര പ്രതിഷ്ഠയും വരെയുള്ള ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളെല്ലാം പ്രതിനിധാനം ചെയ്യുന്നത്. ഈ സന്ദർഭത്തിൽ ഗുരുദേവൻ അസന്നിഗ്ദ്ധമായി പറഞ്ഞ ഒരു കാര്യം കൂടി നമ്മുടെ ശ്രദ്ധയിൽ വരേണ്ടതുണ്ട്. ''ദൈവം രണ്ടെന്നോ അനേകമെന്നോ ഒരു മതത്തിലും പറഞ്ഞു കാണുന്നില്ല. ജാതിയും മതവും ഏകമായിരിക്കുന്നതുപോലെ ദൈവവും ഒന്നുതന്നെ."" ഈ ഏകദൈവസങ്കല്പത്തിന്റെ സാധുരമ്യസ്വരൂപമാണ് അരുവിപ്പുറം പ്രതിഷ്ഠ. ഇങ്ങനെ ഭക്തപ്രിയനും മുക്തിപ്രദായനും സത്യധർമ്മാദികളുടെ പ്രാണസ്വരൂപനുമായ ശിവഭഗവാനെ പ്രതിഷ്ഠിച്ച് ആ ദൈവികധാരയിലൂടെ സ്വതന്ത്രമാനവികത വെളിവാക്കി മനുഷ്യമനസിനെ ശുദ്ധവും സ്വതന്ത്രവുമാക്കിയെടുക്കുക - ഗുരുദേവന്റെ ക്ഷേത്രപ്രതിഷ്ഠകളും സ്തോത്രകാവ്യങ്ങളുമെല്ലാം ഇതിനു വേണ്ടിയുള്ളതാണ്. ഇതറിയാത്തവരാണ് സാധാരണ ക്ഷേത്രസങ്കല്പങ്ങളുമായി ഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും കൂട്ടിയിണക്കുന്നത്. ഇതാകട്ടെ ചരിത്രപരമായ ഒരപരാധമാണെന്ന് തുറന്നുപറയാതെ വയ്യ.
ഒരു ഋഷിയുടെ ഏതൊരു കർമ്മത്തിനു പിന്നിലും സുനിശ്ചിതമായൊരു ദർശനം ഉണ്ടാവും. ആ ദർശനത്തെ നോക്കിക്കാണാതെ കർമ്മമണ്ഡലത്തെ മാത്രം നോക്കുന്നതായാൽ അവിടെയൊരു അപൂർണതയുണ്ട്. ആ അപൂർണതയാണ് ഇപ്പോൾ അരുവിപ്പുറം പ്രതിഷ്ഠയെ നോക്കിക്കാണുന്ന ഒട്ടുമിക്ക ആധുനിക ചരിത്രകാരന്മാരെയും പിടികൂടിയിരിക്കുന്നത്.
ശർക്കരകൊണ്ട് ഒരു കുന്നുണ്ടാക്കി അതിലൊരു കാഞ്ഞിരത്തിന്റെ വിത്തുപാകി നിത്യവും പശുവിൻ പാൽ നനച്ചുകൊടുത്താലും ആ വിത്തിൽ നിന്നു മുളച്ചു വരുന്ന കാഞ്ഞിരമരത്തിന്റെ കയ്പിനു ഒരു കുറവുമുണ്ടാവുകയില്ല. കാരണം അത് അതിന്റെ ജനിതകമായ സ്വഭാവമാണ്. ജൈവികമായ ഈ ശാസ്ത്രീയ നിരീക്ഷണത്തിന്റെ തെളിമയാണ് മനുഷ്യാണാം മനുഷ്യത്വം ജാതിഃ എന്നത്. സർവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാനമെന്നതാണ് ഗുരുദേവന്റെ മഹാവാക്യസാരം. അതിന്റെ ഗ്രഹണവും പ്രചരണവുമാവണം ഗുരുദേവതൃപ്പാദങ്ങളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ശ്രീനാരായണീയ സമൂഹത്തിന്റെ കടമയും കർത്തവ്യവും. ഇപ്രകാരം ഗുരുവിനെ വണങ്ങാനും പൂജിക്കാനും ഗുരുവാണികളെ വിചാരം ചെയ്യാനും ഗുരുദേവന്റെ പ്രതിഷ്ഠകളെ ആരാധിക്കാനും, അരുവിപ്പുറം പ്രതിഷ്ഠയുടെ 132-ാം വാർഷികാഘോഷങ്ങൾ അവസരവും പ്രാപ്തിയുമേകട്ടെയെന്നു പ്രാർത്ഥിക്കുന്നു.