venezuela

കരാക്കസ്: അരക്കിലോ തക്കാളിയ്ക്ക് അഞ്ചു കിലോ നോട്ട് കണ്ണുമടച്ച് നൽകണം, കുടിവെള്ളത്തിന് തൊണ്ടവരണ്ട് മണിക്കൂറുകൾ ക്യൂ നിൽക്കണം, രോഗം വന്നാൽ മരുന്നില്ല... പട്ടിണിയും പരിവട്ടവും എങ്ങുമെങ്ങും.. ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടികളുമായി നാടുവിട്ടവർ ഏറെ.. ഒരുകാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന, മഹാനായ സൈമൺ ബൊളിവറുടെയും ഹ്യൂഗോ ഷാവേസിന്റെയും നാടായ വെനസ്വേലയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്നതാണ്.

സാമ്പത്തിക മാന്ദ്യം കാരണം ആ രാജ്യത്തിലെ ദമ്പതിമാർക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാൻ പോലും സാധിക്കുന്നില്ലെന്നാണ് വാർത്ത ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം മനസിലാക്കാൻ കഴിയുന്നത്. ഭീമമായ തുക കോണ്ടങ്ങൾക്ക് ചെലവാക്കേണ്ട അവസ്ഥ വന്നതോടെയാണിത്. ഒരു കോണ്ടം പോലും വാങ്ങാൻ ശേഷിയില്ലാത്ത ജനതയാണ് ഇന്ന് വെനസ്വേലയിൽ ജീവിക്കുന്നത്. എ.എഫ്.പി.യുടെ റിപ്പോർട്ട് പ്രകാരം,​ മൂന്ന് കോണ്ടങ്ങൾ അടങ്ങിയ ഒരു പായ്ക്കറ്റിന് രണ്ട് ഡോളറാണ് നൽകേണ്ടത്,​ അതായത് 142 ഇന്ത്യൻ രൂപ. ഗർഭനിരോധന മരുന്നുകൾക്കാകട്ടെ എട്ട് ഡോളർ (570 രൂപ)​. ആ രാജ്യത്തിന്റെ ജനയുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഭീമമായ തുകയാണ്. ഒരു വെനസ്വേലൻ പൗരന്റെ ശരാശരി വരുമാനം ആറ് ഡോളർ മാത്രമാണ് (428 രൂപ)​. രാജ്യത്തിന്റെ സ്വന്തം കറൻസിയായ വെനസ്വേലൻ ബൊളിവറിന് വിലയില്ലാത്തതും കച്ചവടക്കാർ ഡോളർ മാത്രം സ്വീകരിക്കുന്നതും ആ രാജ്യത്തെ ജനതയെ വലയ്ക്കുന്നുണ്ട്. സാധാരണക്കാർക്ക് ഡോളർ മാറ്റിവാങ്ങുക എന്നത് ഇന്നും സാദ്ധ്യമാകാത്ത കാര്യമാണ്.

രാജ്യം നേരിടുന്ന ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണക്കാരൻ മറ്റാരുമല്ല, പ്രസിഡന്റ് നിക്കൊളാസ് മഡുറോയാണ്. മഡുറോയുടെ കെടുകാര്യസ്ഥതയാണ് കാര്യങ്ങൾ ഈ വിധം എത്തിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷേപം. അതേച്ചൊല്ലി പ്രതിഷേധിക്കാൻ ജനം തെരുവിലിറങ്ങിക്കഴിഞ്ഞു. അവരെ തത്കാലം നേരിടാൻ പൊലീസിലേയും പട്ടാളത്തിലേയും ഒരു വിഭാഗം തയാറല്ല. തങ്ങൾക്ക് കൂടി വേണ്ടിയല്ലേ ഈ സമരം എന്നാണവരുടെ ചിന്താഗതി. രാജ്യം സാമ്പത്തി​ക പ്രശ്നങ്ങളി​ൽപ്പെട്ടതോടെ അതി​ൽനി​ന്ന് കരകയറാൻ പ്രസിഡന്റ് മഡുറോ ചെയ്തതെല്ലാം അബദ്ധങ്ങളുടെ ഘോഷയാത്രയായി​രുന്നു. ആ മണ്ടൻ തീരുമാനങ്ങൾക്ക് ജനങ്ങൾ കൊടുക്കേണ്ടി​ വന്നത് വലി​യ വി​ലയാണ്. ഇതിലൊന്നാണ് പെട്രോ എന്നപേരിൽ ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനം. അമേരിക്കൻ ഉപരോധവും ആഭ്യന്തര പ്രശ്നങ്ങളും മൂലം ദേശീയ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് ക്രിപ്റ്റോ കറൻസി പുറത്തിറക്കാനുള്ള തീരുമാനത്തിൽ മഡുറോ എത്തിയത്. ഇതിലൂടെ അമേരിക്കൻ ഉപരോധത്തെ മറികടക്കാനാവുമെന്നും കണക്കുകൂട്ടി. വമ്പൻ ക്രൂഡോയിൽ ശേഖരം തങ്ങൾക്കുണ്ടെന്ന സ്വകാര്യ അഹങ്കാരവും തീരുമാനത്തിന് കാരണമായി. പക്ഷേ, ഇത് അപ്പടി പാളി. പ്രശ്നത്തിൽ എങ്ങനെ ഇടപെടണമെന്നോ എന്തുചെയ്യുമെന്നോ അധികൃതർക്ക് ഒരു രൂപവുമില്ല.

കള്ളക്കടത്ത് തടയാനെന്ന പേരിൽ ഒരു സുപ്രഭാതത്തിലാണ് മഡുറോ രാജ്യത്തെ ഉയർന്നനോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത്. പക്ഷേ, ഇത് വൻ പരാജയമായി. തീരുമാനം പരാജയമാണെന്ന് സർക്കാർ തുറന്നുസമ്മതിച്ചു. നാണ്യപ്പെരുപ്പ നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. 2015ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് അധികൃതർ പുറത്തുവിടുന്നില്ല.