ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ധീര രക്തസാക്ഷികളായ 40 സി.ആർ.പി.എഫ് ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച 'വിശിഷ്ട വ്യക്തിത്വങ്ങളെന്നാണ് " രക്തസാക്ഷികളായ ജവാൻമാരെ മോദി വിശേഷിപ്പിച്ചത്. 'നമ്മുടെ രാഷ്ട്രത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികളായിരുന്നു അവർ. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുൽവാമ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിച്ചത്.? ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി.? ആക്രമണത്തിന് സൗഹചര്യമൊരുക്കിയ സുരക്ഷാ വീഴ്ചയ്ക്ക് പിന്നിൽ ബി.ജെ.പി സർക്കാരിലെ ആർക്കാണ് ഉത്തരവാദിത്വം? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയത്.