gujarat

ഭുജ്: ഗുജറാത്തിലെ വനിതാ കോളേജിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ അടിവസ്ത്രം ബലമായി അഴിച്ചുമാറ്റി ആർത്തവ പരിശോധന നടത്തിയതായി പരാതി.ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. 68പേർ ഇത്തരത്തിൽ ക്രൂരമായി അപമാനിക്കപ്പെട്ടതായി വിദ്യാർത്ഥിനികൾ നൽകിയ പരാതിയിൽ പറയുന്നു.കച്ച് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജും ഹോസ്റ്റലും ക്ഷേത്രത്തിന് സമീപത്തായാണ് പ്രവർത്തിക്കുന്നത്. കോളേജിലെ 1500 വിദ്യാർത്ഥികളിൽ 68 പേർ ഈ ഹോസ്റ്റലിലാണ് താമസം.

കഴിഞ്ഞദിവസം ഹോസ്റ്റലിന്റെ പൂന്തോട്ടത്തിൽ ആരോ ഉപയോഗിച്ച നാപ്കിൻ വലിച്ചെറിഞ്ഞിരുന്നു. 'കുറ്റവാളിയാരെന്ന്' കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹോസ്റ്റൽ വാർഡൻ പ്രിൻസിപ്പലിന് പരാതി നൽകി.കഴിഞ്ഞ തിങ്കളാഴ്ച കോളേജിൽ ക്ളാസ് നടക്കവേ, ഹോസ്റ്റലിൽ താമസിക്കുന്ന 68 വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ റിത റാണിഗ ക്ലാസിൽ നിന്ന് വിളിച്ചിറക്കി ചോദ്യം ചെയ്തു.ആർക്കൊക്കെ ആർത്തവമുണ്ടെന്ന് സ്വമേധയാ പറയാൻ ആവശ്യപ്പെട്ടു. രണ്ടു പേർ സമ്മതിച്ചു.

എന്നാൽ സംശയം തീരാതെ ബാക്കിയുള്ളവരെ ടോയ്ലെറ്റിൽ കൊണ്ടുപോയി വരിയായി നിറുത്തി ബലമായി അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തുകയായിരുന്നു. പ്രിൻസിപ്പലിനൊപ്പം നാലു അദ്ധ്യാപികമാരും ഉണ്ടായിരുന്നു.തങ്ങളെ അപമാനിച്ചെന്നും പ്രിൻസിപ്പൽ മോശം ഭാഷയിൽ സംസാരിച്ചെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

കോളേജ് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ വ്യാഴാഴ്ച പെൺകുട്ടികൾ തങ്ങൾക്കുണ്ടായ ദുരനുഭവം മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി കോളേജ് ഡീൻ ദർശന ദൊലാക്കിയ അറിയിച്ചു.

പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥിനികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കച്ച് യൂണിവഴ്സിറ്റി വൈസ് ചാൻസലർ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ ഉത്തരവിട്ടു.

തീണ്ടലും തൊടീലും

ഹിന്ദു ആചാരങ്ങൾ കർശനമായി പിന്തുടരുന്ന കോളേജ് ഹോസ്റ്റലിൽ ആർത്തസമയത്ത് മറ്റ് പെൺകുട്ടികളെ തൊടരുതെന്നാണ് ചട്ടം. പെൺകുട്ടികൾ ആർത്തവ സമയത്ത് ഹോസ്റ്റലിന്റെ അടുക്കളയിൽ കയറുന്നു, ക്ഷേത്രത്തിന് സമീപം പോകുന്നു, മറ്റ് വിദ്യാർത്ഥികളെ തൊടുന്നു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ഹോസ്റ്റൽ വാർഡൻ കോളേജ് പ്രിൻസിപ്പലിന് നേരത്തെ പരാതി നൽകിയിരുന്നു.

 ഞങ്ങൾക്ക് സ്ഥാപനത്തോട് ബഹുമാനമുണ്ട്. പക്ഷേ, അവർ ചെയ്തത് ശരിയല്ല. മാപ്പു പറഞ്ഞാൽ തീരുന്ന അപമാനമല്ല ഇത്. നിയമനടപടി ഉണ്ടാകണം.

-വിദ്യാർത്ഥിനികൾ വാർത്താ ഏജൻസിയോട് പറഞ്ഞത്

 ഹോസ്റ്റലുമായി ബന്ധപ്പെട്ട വിഷയമാണിത്. കോളേജിന് ബന്ധമില്ല. പെൺകുട്ടികളുടെ അനുമതിയോടെയാണ് പരിശോധന നടന്നത്. നിർബന്ധപൂർവമല്ല.
- ദർശന ദൊലാക്കിയ, കോളേജ് ഡീൻ