ടോക്കിയോ : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരൻ കൂടി കൊറോണ സ്ഥിരീകരിച്ചു. കപ്പൽ ജീവനക്കാരനായ ഇദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ കപ്പലിലെ ഇന്ത്യക്കാരിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മൂവരും കപ്പൽ ജീവനക്കാരാണ്.ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇവരിൽ 138 പേർ ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരിൽ 218 പേർക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ രണ്ടുപേർക്ക് വ്യാഴാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്.