ടോക്കിയോ : ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കോവിഡ് –19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതരുടെ എണ്ണം 175 പിന്നിട്ടു.138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണ് കടലിൽ പിടിച്ചിട്ടിരിക്കുന്നത്.
ബീജിംഗ്: കോവിഡ് 19 ബാധിച്ച് ചൈനയിൽ ഇന്നലെ 116 പേർ മരിച്ചു. ആകെ 64, 600 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 1486 പേർ മരിച്ചു. ഇതിൽ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കോവിഡ് 19 ബാധിച്ച് 80കാരി മരിച്ചു. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഒരാൾ വീതം മരിച്ചിരുന്നു.