കൊച്ചി: എറണാകുളം ലോ കോളേജിൽ എസ്.എഫ്.ഐയും കെ.എസ്.യും തമ്മിൽ സംഘർഷം. വാലന്റൈൻസ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയൻ പുൽവാമ ഓർമദിനവുമായി ബന്ധപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതേ സമയം തന്നെ കെ.എസ്.യു വിദ്യാർഥികൾ പൊറോട്ട തീറ്റ മൽസരവും സംഘടിപ്പിച്ചു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
നിരവധി വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 12 പേരെ എറണാകുളം ജില്ലാശുപത്രിയിലും കടവന്ത്ര സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം ക്രിക്കറ്റ് ബാറ്റുകളും വടികളും കല്ലുമായി ഏറ്റുമുട്ടുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, കെ.എസ്.യു പുറത്തുനിന്ന് ആളെ ഇറക്കി തങ്ങളുടെ പ്രവർത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.
യാതൊരു പ്രകോപനവുമില്ലാതെ എസ്.എഫ്. ആക്രമിക്കുകയാണെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സംഘർഷം തടയാൻ ക്യാമ്പസിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. കോളജ് ഈ മാസം 24 വരെ അടച്ചിട്ടതായി പ്രിൻസിപ്പൽ അറിയിച്ചു.