ദേശീയ വനിതാ ഫു്ടബാൾ ലീഗിൽ ഗോകുലം കേരള ചാമ്പ്യൻമാർ
ഫൈനലിൽ ക്രിപ്‌സ എഫ്.സിയെ 3-2ന് കീഴടക്കി
ബംളൂരു: ദേശീയ വനിതാ ഫുട്ബാൾ ലീഗിൽ പുതു ചരിത്രമെഴുതി ഗോകുലം കേരള എഫ്.സി. ഇന്നലെ നടന്ന ഫൈനലിൽ മണിപ്പൂരി ക്ലബ് ക്രിപ്സ എഫ്.സിയെ വാശിയേറിയ പോരാട്ടത്തിൽ 3-2ന് കീഴടക്കിയാണ് ഗോകുലത്തിന്റെ പെൺപട വീരാംഗനമാർ ആയത്. 86-ാം മിനിട്ടിൽ സൂപ്പർതാരം സബിത്ര നേടിയ ഗോളാണ് ഗോകുലത്തിന് വിജയവും കിരീടവും ഉറപ്പിച്ചത്.
ദേശീയ ലിഗ് ഫുട്ബാളിൽ കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടവും ഗോകുലത്തിന്റെ പെൺകൂട്ടം സ്വന്തമാക്കി. പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ദംഗ്മയി ഗ്രെയ്സ്,രത്തൻ ബാല ദേവി എന്നിവരാണ് ക്രിപ്‌സയ്ക്കായി ലക്ഷ്യം കണ്ടത്. ഇരു ടീമും ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഫൈനലിൽ എത്തിയത്.
ബംഗളുരു ഫുട്ബാൾ സ്റ്രേഡിയത്തിൽ ഇന്നലെ നടന്ന ഫൈനലിൽ ആദ്യ മിനിട്ടിൽ തന്നെ ക്രിപ്സയെ ഞെട്ടിച്ച് പരമേശ്വരി ഗോകുലത്തെ മുന്നിലെത്തിക്കുകയായിരുന്നു. ഇടതുവിംഗിൽ രണ്ട് ക്രിസ്പ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് സബിത്ര നൽകിൽ പാസ് പരമേശ്വരി അനായാസം വലയിലാക്കി.
27-ാം മിനിട്ടിൽ കമലാദേവിയുടെ ഫ്രീകിക്ക് ഗോളിലൂടെ ഗോകുലം ലീഡ് രണ്ടായി ഉയർത്തി. എന്നാൽ
33-ാ മിനിട്ടിൽ ക്രിപ്‌സയ്ക്കായി ലക്ഷ്യം കണ്ടു. രഞ്ജന ചാനുവെടുത്ത ഫ്രികിക്ക് ഫാർപോസ്റ്റിലേക്ക് ഓടിയെത്തി ഗ്രേസ് ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഗോകുലത്തിന്റെ മനിഷ പന്ന പന്ത് പുറത്തേക്ക് അടിച്ചുകയളയാൻ ശ്രമിച്ചെങ്കെലും വിജയിച്ചില്ല. രണ്ടാം പകുതിയിൽ ഇരുടീമും ആക്രമണം കടുപ്പിച്ചു. എഴുപതാംമിനിട്ടിൽ സബിത്ര ഗോകുലത്തിന്റെ മൂന്നാം ഗോളിനടുത്തെത്തിയെങ്കിലും മുന്നോട്ട് ഓടിയെത്തി ക്രിപ്സ ഗോളി ലിംഗ്തംഗാമ്പി ആസ്രമം തടഞ്ഞു. 71-ാം മിനിറ്റിൽ രത്നബാലാ ദേവി ഗോകുലത്തെ ഞെട്ടിച്ച് ക്രിപ്സയ്ക്ക് സമനില സമ്മാനിച്ചു. എന്നാൽ പതറാതെ കളിച്ച ഗോകുലം കളിതീരാൻ നാല് മിനിട്ട് ശേഷിക്കെ സബിത്രയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. മനീഷ നൽകിയ തകർപ്പൻ പാസ് മനോഹരമായ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ സബിത്ര ഗോളാക്കിയപ്പോൾ ഗോകുലം ക്യാമ്പിൽ വിജയാഘോഷം തുടങ്ങുകയായിരുന്നു.തുടർന്ന് ഗോളിനായി ക്രിപ്സ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളി അതിഥി ചൗഹാനും പ്രതിരോധ താരങ്ങളും കോട്ടകെട്ടി ഗോകുലത്തെ കാത്തു.
കിരീടം നേടാനായതിൽ വലിയ സന്തോഷമുണ്ട്. ടീമിന്റെ വിജയത്തിൽ എനിക്ക് പ്രധാന പങ്കുവഹിക്കാനായത് വിജയത്തിന്റെ മധുരം കൂട്ടുന്നു. ഇത് കൂട്ടായ്മയുടെ വിജയമാണ്. എല്ലാവരും ഒരേ മനസോടെ പൊരുതി നേടിയ വിജയം.
സബിത്ര ഭണ്ഡാരി