മുംബയ്: നീതിന്യായ രംഗത്തെ ഞെട്ടിച്ച്, ബോംബെ ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയായ ജസ്റ്റിസ് സത്യരാജൻ സി. ധർമ്മാധികാരി അപ്രതീക്ഷിതമായി രാജിവച്ചു. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണദ്ദേഹം. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചു.
ഇന്നലെ രാവിലെ ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ മാത്യു നെടുമ്പാറ കണ്ടപ്പോൾ 'ഞാൻ ഓഫീസ് വിടുകയാണ്. ഇതെന്റെ അവസാന ദിവസമാണ്' എന്ന് ജസ്റ്റിസ് അറിയിക്കുകയായിരുന്നു. പിന്നീട് മാദ്ധ്യമങ്ങളോട് സംസാരിക്കവെ, വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് ജസ്റ്റിസ് ധർമ്മാധികാരി വ്യക്തമാക്കി.
ആദ്യം തമാശയെന്ന് തോന്നിയെങ്കിലും അതു കേട്ട് താൻ ഞെട്ടിത്തരിച്ചെന്നും നെടുമ്പാറ പിന്നീട് പറഞ്ഞു.
പതിനാറ് വർഷമായി ബോംബെ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ധർമ്മാധികാരിക്ക് വിരമിക്കാൻ രണ്ടുവർഷമേയുള്ളൂ. ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദരാജോഗ് ഈ മാസം 24ന് വിരമിക്കുമ്പോൾ ധർമ്മാധികാരിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. ധർമ്മാധികാരിയെ ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ രണ്ട് വർഷം മാത്രം സർവീസ് ശേഷിക്കുന്നതിനാൽ ഒഡിഷയിലേക്ക് പോകാൻ ധർമ്മാധികാരിക്ക് താത്പര്യമില്ലായിരുന്നു.
നിരവധി സുപ്രധാന വിധികളും ഉത്തരവുകളും ധർമ്മാധികാരിയുടെ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്.
കോളിളക്കമുണ്ടാക്കിയ യുക്തിവാദി നരേന്ദ്ര ധബോൽക്കർ, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകക്കേസുകൾ പരിഗണിച്ചത് ധർമ്മാധികാരിയുടെ ബെഞ്ചായിരുന്നു. കേസ് അന്വേഷണം വൈകിയതിൽ അന്നത്തെ ബി.ജെ.പി സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു.
അദ്ദേഹത്തിന്റെ അച്ഛൻ ചന്ദ്രശേഖർ ധർമ്മഗിരി ബോംബെ ഹൈക്കോടതിയിലെ മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. ബോംബെ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി പാസായ ധർമ്മാധികാരി 2003 ലാണ് ഹൈക്കോടതി ജസ്റ്റിസായത്.
ജഡ്‌ജിമാരുടെ രാജി
കഴിഞ്ഞ സെപ്തംബറിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ. താഹിൽ രമണി രാജിവച്ചിരുന്നു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്നായിരുന്നു രാജി. ഗുജറാത്ത് കലാപത്തിലെ ബിൽക്കീസ് ബാനു കൂട്ട ബലാൽസംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം ശരിവച്ചത് ജസ്റ്റിസ് താഹിൽ രമണിയായിരുന്നു.
2017ൽ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേൽ രാജിവച്ചിരുന്നു. സീനിയോറിറ്റി ഉണ്ടായിട്ടും തന്നെ ഒരു ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ് ആക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. 2004ലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയാണ് ജസ്റ്റിസ് ജയന്ത് പട്ടേൽ.