തിരുവനന്തപുരം: പൊലീസലെ അഴിമതി ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെ പ്രതിരോധിച്ച് ചീഫ് സെക്രട്ടറി ടോം ജോസിന്റെ വാർത്താക്കുറിപ്പ്. സി.എ.ജി റിപ്പോർട്ട് സമർപ്പിക്കുന്നതിനും സമർപ്പിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളുണ്ടെന്നും ചട്ടപ്രകാരം തന്നെ സി.എ.ജി റിപ്പോർട്ടിൽ നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ടോംജോസ് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
സി.എ.ജി റിപ്പോർട്ട് ,സാധാരണയായി നിയമസഭയിൽ വച്ച ശേഷമാണ് മാദ്ധ്യമങ്ങൾക്ക് കൈമാറുന്നതെന്നും എന്നാൽ ഇക്കുറി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന് മുൻപ് തന്നെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതായി സംശയിക്കുന്നതായും വാർത്താക്കുറിപ്പിൽ പറയുന്നു. സി.എ.ജി റിപ്പോർട്ടിൽ പറയാത്ത പലകാര്യങ്ങളും മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നിം ചീഫ് സെക്രട്ടറി വിമർശിച്ചു.
കേരള പൊലീസിന് അനുവദിച്ച വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇതൊന്നും നിയമവിരുദ്ധമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.