ഹാമിൽട്ടൺ: ഒന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് ഇലവന് എതിരായുള്ള ത്രിതിദ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാം ദിനമായ ഇന്നലെ ഇന്ത്യ 263 റൺസിന് ആൾഔട്ടായി. സെഞ്ച്വറി നേടിയ ഹനുമ വിഹാരിക്കും (101 റിട്ടയേർഡ്), ആർദ്ധ സെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയ്ക്കും (93) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിൽക്കാനായുള്ളൂ. 182 പന്ത് നേരിട്ട വിഹാരി 10 ഫോറും 3 സിക്സും നേടി. 211 പന്ത് നേരിട്ട പുജാര 11 ഫോറും 1 സിക്സും അടിച്ചു. 18 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇവരെക്കൂടാതെ രണ്ടക്കം കടന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ. പ്രിഥ്വി ഷാ, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ എന്നിവർ പൂജ്യരായി മടങ്ങി. റിഷഭ് പന്ത് 7 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ന്യൂസിലൻഡിനായി കഗ്ഗ്‌ലെയ്ജൻ, ഇഷ് സോധി എന്നിവർ മൂന്നും ഗിബ്സൺ രണ്ടും വിക്കറ്രുകൾ വീഴ്ത്തി.