തിരുവനന്തപുരം: ശ്വാസം മുട്ടുന്ന സെൻട്രൽ റെയിൽവേ സ്റ്റേഷന് വികസിക്കാൻ നഗരഹൃദയത്തിൽ സ്ഥലമില്ല. പകരം കണ്ടെത്തിയ സംവിധാനമാണ് നേമവും കൊച്ചുവേളിയും. തലസ്ഥാന നഗരത്തിലെ റെയിൽവേ വികസന പ്രതീക്ഷകളായിരുന്നു ഇവ. മുൻ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ഒ.രാജഗോപാൽ നേമം എം.എൽ.എയാവുകയും ബി.ജെ.പി കേന്ദ്രം ഭരിക്കുകയും ചെയ്യുന്ന സമയത്ത് നേമത്തിന്റെ പ്രതീക്ഷ വാനോളം ഉയർന്നത് സ്വാഭാവികം. മാത്രമല്ല സംസ്ഥാനത്ത് എന്ത് റെയിൽവേ വികസനം കൊണ്ടുവന്നാലും ചെലവിന്റെ പകുതി വഹിക്കാമെന്ന് സർക്കാർ ഒപ്പിട്ടുകൊടുത്തിട്ടുമുണ്ട്. എന്നിട്ടും ഇക്കുറി റെയിൽവേ ബഡ്ജറ്റ് വന്നപ്പോൾ നേമത്തിന് നിരാശമാത്രം. കന്യാകുമാരി- തിരുവനന്തപുരം പാത ഇരിട്ടിപ്പ് നേമത്തുകൂടി കടന്നു പോകുന്നുണ്ട്. ഒപ്പം നേമം സ്റ്റേഷൻ വികസനം കൂടി നടപ്പായിരുന്നെങ്കിൽ തലസ്ഥാനത്തിന് അത് വലിയ നേട്ടമാകുമായിരുന്നു. ആദ്യഘട്ടവികസനത്തിന് 150 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇതിൽ പകുതി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചു. അത് ചെലവാക്കിയുമില്ല. ഇൗ ബഡ്ജറ്റിൽ ഒന്നും അനുവദിച്ചുമില്ല. ഇതോടെ നേമം പദ്ധതിയും കടലാസിലേക്ക് ചേക്കേറിയ സ്ഥിതിയാണ്.
വാഗ്ദാനത്തിന് ഒരുവർഷം
2019 മാർച്ച് 7നാണ് കേന്ദ്ര റെയിൽവേ മന്ത്രി നേമം വികസന പദ്ധതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ഒരു രൂപ പോലും അനുവദിക്കാതെ അവഗണിച്ചതും ഇതേ നേമത്തിനെ. തിരുവനന്തപുരത്തിന്റെ സാറ്റലൈറ്റ് സ്റ്റേഷനായി നേമം മാറും എന്ന തലസ്ഥാനത്തിന്റെ കാത്തിരിപ്പെല്ലാം വെറുതെയാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
സ്റ്റേഷന്റെ രണ്ടാമത്തെ പ്ളാറ്റ്ഫോമിന്റെ അപ്പുറത്തെ കുന്നിടിച്ച് നേരെ എതിർവശത്ത് കൊണ്ട് നിരത്തിയിട്ടിട്ടുണ്ട്. ഇത്രയും കാലത്തിനടയ്ക്ക് ആകെയുണ്ടായ 'വികസന" പരിപാടി ഇതുമാത്രമാണ്. പിന്നെ സ്റ്റേഷൻ ഒന്നു പെയിന്റടിച്ചു. എന്തൊക്കെയോ നിർമ്മിക്കുന്നതിനായി സ്റ്റേഷന്റെ മുന്നിൽ കമ്പികൾ കൂട്ടിയിട്ടിട്ടുണ്ട്. അതിൽ തന്നെ കുറച്ചെണ്ണം വളച്ചും മുറിച്ചുമൊക്കെ ഇട്ടിട്ടുണ്ട്. അവയിൽ പാതിയും തുരുമ്പിച്ചു. യാത്രക്കാർ പോകുന്ന വഴിയരികിലാണിതെല്ലാം തള്ളിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നു കന്യാകുമാരിയിലേക്കു പോകുമ്പോൾ ആദ്യത്തെ സ്റ്റേഷനാണ് നേമം. സ്റ്റേഷന്റെ രണ്ടാമത്തെ പ്ളാറ്റ്ഫോം കണ്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും. നാട്ടിൻപുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ വലിപ്പം മാത്രമുള്ള ഷീറ്റ് മേഞ്ഞ കാത്തിരിപ്പ് സ്ഥലം. അത് നിർമ്മിച്ചിട്ടു തന്നെ അധികകാലമായിട്ടില്ല. നേമം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുമ്പോൾ രണ്ടു കാര്യങ്ങളാണ് പേടിക്കേണ്ടത്. ഒന്ന് - രൂക്ഷമായ പൊടിശല്യം. മറ്റൊന്ന് സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാലിൽ തുരുമ്പുപിടിച്ച കമ്പി കുത്തിക്കയറും.
തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പ് അനിവാര്യം
തിരുവനന്തപുരം സെൻട്രൽ വഴി കൂടുതൽ ട്രെയിനകൾ സർവീസ് നടത്തണമെങ്കിൽ തെക്കോട്ട് പാതയിരട്ടിപ്പി ക്കണം. ഇപ്പോഴത്തെ ബഡ്ജറ്റിൽ കന്യാകുമാരി വരെ പാതയിരട്ടിപ്പിക്കുന്നതിന്133.5 കോടി രൂപയാണ് അനുവദിച്ചത്. അതിൽ അഞ്ചുകോടി മാത്രമാണ് വിനിയോഗിക്കാൻ കഴിയുക.ശേഷിക്കുന്ന 128.5 കോടി ബഡ്ജറ്റ് വിഹിതത്തിന് പുറമേ നിന്നുള്ളതാണ്. അധിക ഫണ്ട് അനുവദിച്ചാലേ ഈ തുക ലഭിക്കുകയുള്ളൂ. കരമന - കളിയിക്കാവിള ദേശീയപാതയ്ക്കടുത്താണ് നേമം റെയിൽവേ സ്റ്റേഷൻ. ദേശീയപാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് ചെറുതാണ്.
സ്വന്തമായിട്ടുള്ള സ്ഥലത്തു പോലും വികസനം ഇല്ല
ഇപ്പോഴത്തെ നിലയിൽ സെൻട്രൽ സ്റ്റേഷനിൽ ട്രെയിനുകൾ കൂടുതൽ നിറുത്തിയിടാനാകില്ല. വികസനത്തിന് ആദ്യം വേണ്ടത് പാതയിരിട്ടിപ്പിക്കലാണ്. നേമം ടെർമിനലിനും പാത ഇരട്ടിപ്പിക്കലിനുമായി 14 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള സർവേ പൂർത്തിയായി. തുക അനുവദിച്ചാൽ വിജ്ഞാപനം പുറപ്പെടുവിക്കാം. സർവേ പ്രകാരം 207.5 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരമായി നൽകേണ്ടത്. എന്നാൽ, ഒരു കോടി രൂപയാണ് ഇതുവരെ അക്കൗണ്ടിലെത്തിയത്. സാമൂഹികാഘാതപഠനവും പൂർത്തിയായിട്ടുണ്ട്.
ഇത് ഏറ്റെടുക്കേണ്ടതിന്റെ കണക്ക്. അപ്പോൾ ഇപ്പോൾ നിലവിലുള്ളതോ? അവിടെ പോലും ഒന്നും ചെയ്തിട്ടില്ല 100 ഏക്കറിൽ കൂടുതൽ ഭൂമിയാണ് റെയിൽവേയ്ക്ക് ഉള്ളത്. സ്റ്റേഷന്റെ ഔട്ടറിലുള്ള ആലാംവിള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റെയിൽവേ ഭൂമി കാടുപിടിച്ചു കിടക്കുന്നു.
ടെർമിനലിനു മാത്രം
വേണം 150 കോടി
നിലവിലുള്ള സ്റ്റേഷനോടു ചേർന്ന് ട്രെയിനുകൾ നിറുത്തിയിടുന്നതിനുള്ള നാല് സ്റ്റേബ്ലിംഗ് ലൈനുകൾ, അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പിറ്റ് ലൈൻ പാതകൾക്കു മുകളിൽ രണ്ട് റോഡ് മേൽപ്പാലങ്ങൾ. തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും തുടങ്ങുകയും ചെയ്യുന്ന ട്രെയിനുകൾ നേമത്തേക്കു നീട്ടാൻ പാകത്തിലുള്ള ടെർമിനലുകൾ എന്നിവയാണ് പദ്ധതിയിലുണ്ടായിരുന്നത്. ആകെ ചെലവ് 150 കോടി. കഴിഞ്ഞ ബഡ്ജറ്റിൽ 77കോടി വകയിരുത്തി.പക്ഷേ ചെലവഴിക്കാനായില്ല.
ഇപ്പോഴത്തെ ട്രെയിനുകൾ
വടക്കോട്ട്
നാഗർകോവിൽ- തിരുവന്തപുരം രാവിലെ 8-06
നാഗർകോവിൽ-കൊച്ചുവേളി രാവിലെ 9.25
നാഗർകോവിൽ- കോട്ടയം ഉച്ചയ്ക്ക് 01.50
കന്യാകുമാരി- പുനലൂർ വൈകിട്ട് 4.10
കന്യാകുമാരി - കൊല്ലം വൈകിട്ട് 6.25
നാഗർകോവിൽ- തിരുവനന്തപുരം രാത്രി 7.47
തെക്കോട്ട്
തിരുവനന്തപുരം- നാഗർകോവിൽ രാവിലെ 7
പുനലൂർ- കന്യാകുമാരി രാവിലെ 9.30
കൊച്ചുവേളി - നാഗർകോവിൽ ഉച്ചയ്ക്ക് 12.05
കൊല്ലം- കന്യാകുമാരി ഉച്ചയ്ക്ക് 1
തിരുവന്തപുരം- നാഗർകോവിൽ വൈകിട്ട് 5.20
തിരുവന്തപുരം- നാഗർകോവിൽ വൈകിട്ട് 6.10
നാട്ടുകാർക്ക് പരാതി പറയാൻ മാത്രമാണ് കഴിയുക. പണം മുടക്കാനാകില്ല. സ്വാധീനം ചെലുത്തേണ്ടതും വികസനം കൊണ്ടു വരേണ്ടതും ജനപ്രതിനിധികളാണ്. അവർ ഒന്നും ചെയ്യുന്നില്ല. നേമം ഉടൻ വികസിപ്പിക്കും എന്ന വാഗ്ദാനം കേട്ടു മടുത്തു.
- രാമഭദ്രൻ, വസ്ത്രവ്യാപാരി
അതിർത്തി പ്രദേശം
ലോക്സഭാ,നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശത്താണ് നേമം റെയിൽവേ സ്റ്റേഷന്റെ സ്ഥാനം. റെയിൽവേ സ്റ്റേഷൻ നേമം നിയോജക മണ്ഡലത്തിലാണ്. രണ്ടാമത്തെ പ്ലാറ്ര് ഫോം കാട്ടാകട്ടയിലും. അതുപോലെ തന്നെ സ്റ്റേഷൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും എതിർവശത്ത് രണ്ടാം പ്ളാറ്റ്ഫോമിന്റെ സ്ഥലം ആറ്റിങ്ങലിലുമാണ്.