തിരുവനന്തപുരം : റെഡ് സോൺ പരിധിയിൽ വീടുവയ്ക്കാൻ എയർപോർട്ട് അതോറിട്ടിയുടെ കനിവ് തേടി പാവപ്പെട്ടവർ പരക്കം പായുന്നു. നഗരത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി (പി.എം.എ.വൈ) പ്രകാരം വീടുവയ്ക്കാൻ ഇറങ്ങിയവരാണ് ദുരിതത്തിലായത്. വീടുനിർമ്മാണത്തിന് സൗജന്യ എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിട്ടി യഥാസമയം നടപടിയെടുക്കാത്തതാണ് പ്രശ്നം. നടപടികൾ പൂർത്തിയാക്കി നഗരസഭ 37പേരുടെ അപേക്ഷ എയർപോർട്ടിന് നൽകിയിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയില്ല. സർക്കാർ സഹായത്തോടെ വീടുവയ്ക്കുന്നവർക്ക് എൻ.ഒ.സിക്കുള്ള സർവേ പൂർത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ സർവേയുടെ ചെലവ് നഗരസഭയും എയർപോർട്ട് അതോറിട്ടിയും തുല്യമായി വീതിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി 2018 ജൂലായിൽ ആരംഭിച്ച നടപടികളാണ് ഇപ്പോഴും എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത്. നഗരസഭയുടെ ഭാഗത്തായിരുന്നു ആദ്യം മെല്ലപ്പോക്ക്. ഒടുവിൽ പ്രദേശത്തെ 37പേർക്ക് എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള പട്ടിക നഗരസഭ എയർപോർട്ട് അതോറിട്ടിക്ക് സമർപ്പിച്ചു. ഒരു എൻ.ഒ.സിക്കുള്ള സർവേ നടത്തുന്നതിന് 4000 രൂപയാണ് ചെലവ്. ഇത് എയർപോർട്ട് അതോറിട്ടിയും നഗരസഭയും തുല്യമായി വീതിക്കുമെന്നായിരുന്നു ധാരണ.
നടപടികൾ അനന്തമായി നീണ്ടതോടെ പദ്ധതി ഗുണഭോക്താക്കളുടെ പ്രശ്നം ചൂണ്ടിക്കാട്ടി ആൾ കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കവടിയാർ ഹരികുമാർ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനെ സമീപിച്ചു. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ നഗരസഭയുടെ ഭാഗത്തെ നടപടികളെല്ലാം പൂർത്തിയാക്കിയതായും എയർപോർട്ട് അതോറിട്ടിയുടെ എൻ.ഒ.സി ലഭിച്ചാലുടൻ പെർമിറ്റ് നൽകുമെന്നും സെക്രട്ടറി ഓംബുഡ്സ്മാൻ മുമ്പാകെ വ്യക്തമാക്കി.
ദുരിതം ഇങ്ങനെ
റെഡ്സോൺ പരിധിയിൽ നിയമം കർശനമാക്കുന്നതിന് മുമ്പ് വീട് നിർമ്മാണം ആരംഭിച്ച 250 ഓളം ഗുണഭോക്താക്കളുടെ വീട് പൂർത്തിയായെങ്കിലും ടി.സി ലഭിച്ചിട്ടില്ല. എയർപോർട്ട് എൻ.ഒ.സി കിട്ടിയാൽ മാത്രമേ ടി.സിയും പദ്ധതിയുടെ അവസാന ഗഡുവായ 80,000 രൂപയും ലഭിക്കൂ. 500 ഗുണഭോക്താക്കൾ കെട്ടിടനിർമാണ അനുമതിക്കായും കാത്തിരിപ്പിലാണ്. ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, അമ്പലത്തറ, ശംഖുംമുഖം, വെട്ടുകാട്, പൂന്തുറ, വള്ളക്കടവ്, വലിയതുറ വാർഡുകൾ പൂർണമായും പെരുന്താന്നി, ചാക്ക, ശ്രീവരാഹം, പുത്തൻപള്ളി, മുട്ടത്തറ വാർഡുകൾ ഭാഗികമായും റെഡ് സോണിൽ ഉൾപ്പെടും.
ഇഴയുന്ന നടപടികൾ (നാൾവഴികൾ)
2018 ജൂലായ് 2
സർവേ ചെലവിന്റെ പകുതി വഹിക്കാൻ തയ്യാറാണെന്ന് എയർപോർട്ട് അതോറിട്ടി ചീഫ് സെക്രട്ടറിയെ അറിയിച്ചു.
നവംബർ 15ന്
സൈറ്റ് സർവേ നടത്തുന്ന കമ്പനികളുടെ ടെൻഡർ ക്ഷണിച്ചു
ഡിസംബർ 22ന്
ഡി.ബി കൺസൾട്ടൻസി ടെൻഡർ സമർപ്പിച്ചു
2019 മാർച്ച് 6ന്
കൗൺസിൽ യോഗം വിഷയം പാസാക്കി
മേയ് 4ന്
നഗരസഭ ഇക്കാര്യം എയർപോർട്ട് അതോറിട്ടിയെ അറിയിച്ചു. (1127 പേരുടെ ലിസ്റ്റും കൈമാറി)
മേയ് 22ന്
ലിസ്റ്റിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അതോറിട്ടി തദ്ദേശവകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി
ജൂൺ 3ന്
പുതുക്കിയ ലിസ്റ്റ് നഗരസഭ എയർപോർട്ടിന് കൈമാറി (220 പേരുടെ ലിസ്റ്റ്)
(ആദ്യഘട്ടത്തിൽ 37പേരുടെ സർവേ നടത്താൻ എയർപോർട്ട് അനുമതി നൽകി)
2019 നവംബർ13
37പേരുടെ സർവേ ലിസ്റ്റുംം ബില്ലും ഓൺലൈനായി നഗരസഭ എയർപോർട്ടിന് നൽകി
2020 ജനുവരി 06
നടപടി ഉണ്ടാകാത്തതിനാൽ നഗരസഭ വീണ്ടും എയർപോർട്ടിന് കത്തയച്ചു
2020ജനുവരി 29
എൻ.ഒ.സി ഉടൻ ലഭ്യമാക്കാമെന്ന് എയർപോർട്ട് നഗരസഭയെ അറിയിച്ചു
(നടപടികൾ ഇതോടെ നിലച്ചു)