തിരുവനന്തപുരം: അമിതവണ്ണം തടയാനുള്ള ശ്രമമാരംഭിക്കേണ്ടത് വീടുകളിൽ നിന്നാണെന്ന് ഗോകുലം എ.ഐ.എ.എ.ആർ.ഒ (ആൾ ഇന്ത്യ അസോസിയേഷൻ ഫോർ അഡ്വാൻസിംഗ് റിസർച്ച് ഒബിസിറ്രി) സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് നന്നേ ചെറുപ്പത്തിൽ തന്നെ അമിതവണ്ണം കണ്ടുതുടങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 20-30 വർഷങ്ങൾക്കു മുമ്പു വരെ കുഞ്ഞുങ്ങളിൽ പോഷകാഹാരക്കുറവു മൂലമുള്ള രോഗങ്ങൾ സർവസാധാരണമായിരുന്നു. ഈ ഓർമ്മയിൽ രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് നിർബന്ധിച്ചു ഭക്ഷണം കൊടുക്കുകയാണ്. അമിതഭക്ഷണമൂലം 30 വയസ് ആകുമ്പോൾ തന്നെ പ്രമേഹം, കാൽമുട്ടു വേദന, ഹൃദയാഘാതം, അർബുദം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങൾക്കടിമപ്പെടുകയാണ്.
ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന സമ്മേളനം കോളേജ് ഡയറക്ടർ കെ.കെ. മനോജൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്കു ചികിത്സ നൽകുന്ന ഡോക്ടർമാർ സ്വന്തം ആരോഗ്യത്തിനും സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.എ.എ.ആർ.ഒ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.ജ്യോതിദേവ് കേശവദേവ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി പ്രൊഫ. ഡോ. പി.വി. ബെന്നി, എ.ഐ.എ.എ.ആർ.ഒ കേരള ഘടകം സെക്രട്ടറി ഗീതു സനൽ തുടങ്ങിയവർ പങ്കെടുത്തു.