തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജപ്പാന്റെ സമ്പന്നമായ സംസ്കാരവും കലകളും ആചാരാനുഷ്ടാനങ്ങളും അടുത്തറിയാം. ജപ്പാനിൽ കാലങ്ങളോളം താമസിക്കുകയും ദ്വീപരാഷ്ട്രത്തിന്റെ തനത് സംസ്കാരം അടുത്തറിയുകയും ചെയ്തിട്ടുള്ള മലയാളികളുടെ സംഘടനയായ അലുമ്നി സൊസൈറ്റി ഒഫ് അട്സ് ട്രിവാൻഡ്രം സെന്റർ (എ.എസ്.എ.ടി.സി) ആണ് ഇതിന് അവസരമൊരുക്കുന്നത്. 'ഡിസ്കവർ ജപ്പാൻ' എന്ന പേരിൽ ഇന്നലെ അയ്യങ്കാളി ഹാളിൽ ആരംഭിച്ച ത്രിദിന ഫെസ്റ്റിവലിൽ ജപ്പാന്റെ പ്രകൃതി, ഭക്ഷണം, ആഘോഷങ്ങൾ, വസ്ത്രധാരണം, കരകൗശലവിദ്യ, സാഹിത്യം എന്നിവയെല്ലാം മലയാളിക്ക് പരിചയപ്പെടുത്തുന്നു. രണ്ട് സംസ്കാരങ്ങളുടെ വിനിമയമാണ് ജപ്പാൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുള്ള മേള കൊണ്ട് ലക്ഷ്യമിടുന്നത്.
ജപ്പാൻ ലോകത്തിന് പരിചയപ്പെടുത്തിയ വിവിധ കലാരീതികളുടെ പ്രദർശനവും ഓറിയന്റേഷൻ ക്ലാസും വീഡിയോ പ്രദർശനവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ജനപ്രിയ ജപ്പാനീസ് കലയായ ഒറിഗാമിയുടെ പ്രദർശന ക്ലാസ് കൂട്ടത്തിൽ പ്രധാനമാണ്. നിർമ്മാണത്തിലെ വൈവിദ്ധ്യം കൊണ്ട് ലോകപ്രസിദ്ധമായ ജപ്പാനീസ് പാവകളുടെ നിർമ്മാണം പരിശീലിപ്പിക്കുന്ന സെഷനുകൾ മേളയിലുണ്ടായിരിക്കും. ട്രഡിഷണൽ ഡോൾസ്, കോകേഷി ഡോൾസ്, കോസ്റ്റ്യൂംസ്, കളിപ്പാട്ടങ്ങൾ എന്നിവ ഇൗ നിർമ്മാണത്തിന്റെ ഭാഗമാണ്. മരങ്ങളെ ചെടിച്ചട്ടിയിലേക്കു പറിച്ചുനട്ട ബോൺസായ് ചെടിനടീൽ രീതിയുടെ എക്സിബിഷനും എങ്ങനെ ബൊൺസായ് വളർത്താമെന്നതിന്റെ മാതൃകാ ക്ലാസും മേളയുടെ സവിശേഷതയാണ്.
ജപ്പാനിലെ പരമ്പരാഗത പുഷ്പാലങ്കാര രീതിയായ ഇക്ബാന, ജപ്പാനീസ് വാസ്തുശൈലി, കാലിഗ്രാഫി, ജപ്പാനീസ് അക്ഷരമാല പരിശീലനം, ജപ്പാനീസ് ജീവിത രീതി, വസ്ത്രധാരണം, ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചുള്ള ആഹാരരീതി എന്നിവയുടെ ഫോട്ടോ, വീഡിയോ പ്രദർശനം, ജപ്പാനീസ് സാഹിത്യം, പെർഫോമിംഗ് ആർട്സ്, സിനിമ, കബൂകി എന്ന തിയേറ്റർ സമ്പ്രദായം എന്നിവയുമായി ബന്ധപ്പെട്ട സംവാദം, വീഡിയോ പ്രസന്റേഷൻ എന്നിവയും മൂന്നു ദിവസത്തെ ഫെസ്റ്റിവലിൽ നടക്കും. ജപ്പാനീസ് സംസ്കാരത്തെ അടുത്തറിയുകയും പഠിക്കുകയും ചെയ്തിട്ടുള്ള വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.
ജപ്പാൻ വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ, വിദ്യാഭ്യാസ, സംസ്കാര, സാഹിത്യ, കരകൗശല രംഗത്തെ വിദദ്ധർ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവർ പങ്കെടുക്കും.16 വരെയാണ് ഫെസ്റ്റിവൽ.