ബീജിംഗ്: ചൈനയിൽ കോവിഡ് 19 (കൊറോണ) ബാധിച്ച് മരിച്ചവരുടെ എണ്ണം1631 ആയി ഉയർന്നു. 143 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയിൽ പുതുതായി 2240 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 139 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 ബാധിച്ച് ചൈനയിൽ ഇന്നലെ മാത്രം 116 പേർ മരിച്ചു. ആകെ 64, 600 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകത്താകെ 1486 പേർ മരിച്ചു. ഇതിൽ 1483 പേരും ചൈനയിലാണ്. അതിനിടെ ജപ്പാനിലും കോവിഡ് 19 ബാധിച്ച് 80കാരി മരിച്ചു. നേരത്തെ ഹോങ്കോംഗ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഒരാൾ വീതം മരിച്ചിരുന്നു. വൈറസ് സ്ഥിരീകരിച്ച കേസുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ കൊറോണ വൈറസ് ബാധ ആഫ്രിക്കൻ ഭൂഖണ്ഡത്തിലും സ്ഥിരീകരിച്ചു. ഈജിപ്തിൽ നിരീക്ഷണത്തിലുള്ള വിദേശപൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം കെയ്റോ വിമാനത്താവളം വഴി എത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കോവിഡ് –19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചിരുന്നു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ കപ്പലിലെ രോഗബാധിതരുടെ എണ്ണം 175 പിന്നിട്ടു.138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണ് കടലിൽ പിടിച്ചിട്ടിരിക്കുന്നത്.