-vk-ebrahim-kunju

കൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമം. പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസിൽ, ആരോപണവിധേയനായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. രാവിലെ പതിനൊന്നോടെ പൂജപ്പുരയിലെ വിജിലൻസ് ഓഫീസിൽ എത്തിയ കുഞ്ഞിനെ പ്രത്യേക അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ശ്യാംകുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. പ്രത്യേകം തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിൽ നിന്നും വിവരങ്ങൾ തേടുന്നത്.

100 ചോദ്യങ്ങളാണ് അതിലുള്ളത്. വിജിലൻസ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുന്നത്. അതേസമയം, ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ഇബ്രാഹിം കഞ്ഞിനെ അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന സൂചനയും അന്തരീക്ഷത്തിലുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് വിജിലൻസ് പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യൽ പൂർത്തിയാകട്ടെ എന്ന് മാത്രമാണ് വിജിലൻസ് പറയുന്നത്.

അതേസമയം, അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ പിന്നീടത്തേക്ക് നീട്ടിയാൽ കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളായാനാവില്ല. നേരത്തെ, സമാന രീതിയിൽ കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഈ മാസം അഞ്ചിനാണ് ഫ്ലൈഓവർ അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ വിജിലൻസിന് ഗവർണർ അനുമതി നൽകിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഫയലിൽ നിയമോപദേശം തേടിയശേഷമാണ് ഗവർണർ തീരുമാനമെടുത്തത്.

ഒക്ടോബർ രണ്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തു നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ, പൊതുപ്രവർത്തകനെതിരെ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തിൽ 2018ൽ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് വിജിലൻസ് അനുമതി തേടിയത്. തുടർന്ന് സർക്കാർ ഫയൽ ഗവർണർക്ക് അയയ്ക്കുകയായിരുന്നു.

ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുകളുണ്ടെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നു. കരാർ വ്യവസ്ഥകൾ ലംഘിച്ച് പാലം നിർമിക്കുന്ന കമ്പനിക്ക് പണം അനുവദിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്‌സ് ആൻഡ് ബ്രിഡ്ജ്‌സ് കോർപറേഷൻ ചെയർമാനെന്ന നിലയിലും പാലാരിവട്ടം മേൽപ്പാലം പണിയിൽ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണവിധേയമാക്കുന്നത്.

കരാർ കമ്പനിക്ക് മുൻകൂറായി എട്ടേകാൽ കോടി രൂപ കിട്ടിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണ് വിജലൻസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയൽ നേരത്തെ തന്നെ സെക്രട്ടേറിയറ്രിൽ നിന്നു വിജിലൻസ് ശേഖരിച്ചിരുന്നു. ഇതു വരെ പ്രതിപട്ടികയിലുൾപ്പെടാത്ത ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർത്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ വഞ്ചന, ഗൂഢാലോചന , ഫണ്ട് ദുർവിനിയോഗം എന്നീ വകുപ്പുകൾ ചുമത്തി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ്, കിറ്റ്‌കോ മുൻ എം.ഡി സുമിത് ഗോയൽ,നിർമാണ കമ്പനിയായ ആർബിഡിസികെ ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം ഗവർണറിൽ അന്വേഷണാനുമതി കിട്ടിയതോടെ നിയമസഭാ സമ്മേളനം കഴിഞ്ഞു ചോദ്യം ചെയ്യാൻ വിജിലൻസ് തീരുമാനിക്കുകയായിരുന്നു. പാലം നിർമാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്നാണത്രേ വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. റോഡ് ഫണ്ട് ബോർഡിന്റെയും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്‌സിൽ മന്ത്രിയുടെ ഒപ്പുമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് വിജിലൻസിന്റെ തീരുമാനമെന്നറിയുന്നു.

അഴിമതിയാരോപണം വന്നവഴി
 പാലം രൂപകല്പനയിലെ പോരായ്മ
 ഡെക്ക് കണ്ടിന്യുറ്റി രീതി ഉപയോഗിച്ചതിലെ പിഴവ്
 ഗർഡറുകൾക്ക് താഴേക്ക് വലിച്ചിൽ
 തൂണുകളുടെ ബെയറിംഗുകൾ തകർന്നു
 ആവശ്യത്തിന് കോൺക്രീറ്റ് ഇല്ല
 പിയർ ക്യാപ്പുകളിലും സെൻട്രൽ സ്പാനിലും വിള്ളൽ

വിജിലൻസ് കണ്ടെത്തൽ

 കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകി
 ടെൻഡർ രേഖകളിലടക്കം തിരുത്തൽ
 42 കോടിക്ക് ക്വോട്ട് ചെയ്ത കമ്പനിയെ മറികടന്ന് ആർ.ഡി.എസ്
കരാറിൽ അധികമായി തിരുത്തൽ
 ആർ.ഡി.എസ് കമ്പനിക്ക് 13.43 ശതമാനം ഇളവ് നൽകി
രേഖയിൽ 41 കോടിയാക്കി കാണിച്ചു
 തിരുത്തലിന് പിന്നിൽ കിറ്റ്‌കോ ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥർ
 ടെൻഡറിലും രജിസ്റ്ററിലും തിരുത്തൽ
 കൈയ്യക്ഷരം വ്യത്യസ്തമെന്ന് കണ്ടെത്തി