തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർന്നതിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് സർക്കാർ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസ് എം.എൽ.എ പി.ടി തോമസ് നിയമസഭയിൽ ഉന്നയിച്ചത് ആസൂത്രിതമായി ആണെന്നും റിപ്പോർട്ടിലെ വിഷയങ്ങൾ പി.ടി തോമസിന് ചോർന്നുകിട്ടിയതായി സംശയിക്കാവുന്നതാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ഒട്ടാകെ പുറത്തുവരുന്നില്ലെന്നും അതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
'2016ന് ശേഷമുള്ള കാര്യങ്ങൾ മാത്രമാണ് ചർച്ചയാകുന്നത്. 2013ലാണ് എല്ലാം നടന്നതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി. അക്കാലത്ത് യു.ഡി.എഫ് സർക്കാരാണ് കേരളം ഭരിച്ചിരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു മന്ത്രി. അത് മറച്ചുവയ്ക്കാനായി ശ്രമം നടന്നു.ഒരു ഡി.ജി.പിയുടെ കാര്യം മാത്രമാണ് ഇപ്പോൾ പറയുന്നത്. രണ്ട് ഡി.ജി.പിയുടെ കാര്യങ്ങളും ചർച്ച ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച് സംശയമാണ് ഉള്ളത്. അത് ഏത് സാധാരണക്കാരനും തോന്നുന്നതാണ്.'- അദ്ദേഹം പറഞ്ഞു.വിഷയം സംബന്ധിച്ച് ചീഫ് സെക്രട്ടറി നടത്തിയ പരാമർശം സർക്കാരിന്റെ അഭിപ്രായം തന്നെയാണെന്നും മന്ത്രി
വ്യക്തമാക്കി.
കേരള പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പി.ടി തോമസ് രംഗത്തെത്തിയിരുന്നു. ആസൂത്രിതവും സമർത്ഥവുമായുള്ള ഒരു അവതരണമാണ് ഈ വിഷയത്തിൽ പി.ടി തോമസ് സഭയിൽ നടത്തിയതെന്നും സി.എ.ജി റിപ്പോർട്ട് എന്ന് പറയാതെ തന്നെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ അദ്ദേഹം നിയമസഭയിൽ ഉന്നയിച്ചുവെന്നും മന്ത്രി കടകംപള്ളി പറഞ്ഞു. ഇതിന്റെ അർത്ഥം സി.എ.ജി റിപ്പോർട്ട് നേരത്തെ തന്നെ അദ്ദേഹത്തിനോ മറ്റ് മാദ്ധ്യമങ്ങൾക്കോ ലഭിച്ചിരുന്നു എന്ന് വേണം മനസിലാക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെ ഉണ്ടായത് ചട്ടലംഘനം ആണെന്നും അക്കാര്യം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനെയും പ്രതി ചേർത്തിരുന്നു. പതിനൊന്ന് പ്രതികളുള്ള കേസിലെ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്മാനായ സനിൽ കുമാർ. പേരൂർക്കട പോലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. എന്നാൽ കുറ്റവാളിയെന്ന് തെളിയും വരെ സനിൽ കുമാർ തന്റെ സ്റ്റാഫായി തുടരുമെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.