vava-suresh

ഹരിപ്പാട്: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാലയിൽ ആരാധകരുടെ വഴിപാടുകൾ തുടരുകയാണ്. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിച്ചതോടെ മണ്ണാറശാലയിൽ വാവയുടെ പേരിൽ അർച്ചന, പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടന്നു. വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു.

വ്യാഴാഴ്‌ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയിൽ കടിയേൽക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പത്. മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു.