ന്യൂഡൽഹി: കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാന് അനുകൂലമായ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കാശ്‌മീരെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതികരണങ്ങളും തള്ളിക്കളയുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഞങ്ങൾ തുർക്കി നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള തീവ്രവാദ ഭീഷണി ഉൾപ്പെടെയുള്ള വസ്‌തുതകളെക്കുറിച്ച് ശരിയായ ധാരണ വളർത്തിയെടുക്കണമെന്നും അപേക്ഷിക്കുന്നു” വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
കാശ്മീർ വിഷയത്തിൽ ഇന്ത്യ ഏകപക്ഷീയമായി ഇടപെട്ടെന്നും, കാലങ്ങളായി കാശ്‌മീരികൾ ദുരിതം അനുഭവിക്കുകയാണെന്നും, വിഷയത്തിൽ പാകിസ്ഥാനൊപ്പം നിൽക്കുമെന്നും കഴിഞ്ഞ ദിവസം ഉര്‍ദുഗാൻ പറഞ്ഞിരുന്നു. പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു തുർക്കി പ്രസിഡന്റിന്റെ പരാമർശം. കൂടാതെ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതോടൊപ്പം ഈയാഴ്ച ചേരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) യോഗത്തിൽ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുവരാനുള്ള പാകിസ്ഥാൻ ശ്രമത്തിന് പിന്തുണ നൽകുമെന്നും തുർക്കി പ്രസിഡന്റ് കൂട്ടിച്ചേർക്കുകയുണ്ടായി.