minsara-kanna

മികച്ച ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ച കൊറിയൻ ചിത്രം 'പാരാസൈറ്റ്' നടൻ വിജയ നായകനായ ഒരു തമിഴ് ചിത്രത്തിന്റെ അനുകരണമാണെന്ന ആരോപണവുമായി നിർമാതാവ്. വിജയ്, രംഭ എന്നിവർ നായികാ നായകന്മാരായി 1998ൽ പുറത്തിറങ്ങിയ 'മിൻസാര കണ്ണാ' എന്ന ചിത്രത്തിന്റെ കഥാപരിസരമാണ് 'പാരാസൈറ്റി'ന്റേതുമെന്നാണ് ചിത്രത്തിന്റെ നിർമാതാവായ പി.എൽ. തേനപ്പൻ ആരോപിക്കുന്നത്. അതിനാൽ, നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'പാരസൈറ്റി'ന്റെ നിർമാതാക്കൾക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെയാണ് താൻ കേസ് ഫയൽ ചെയ്യാൻ പോകുന്നത് എന്നും തേനപ്പൻ പറഞ്ഞു. നമ്മുടെ ചില സിനിമകൾ വിദേശ സിനിമകളിൽ നിന്നും പ്രചോദനം നേടിയതാണ് എന്ന് പറയുമ്പോൾ അവർ നമ്മുക്കെതിരെ കേസ് നൽകുകയാണ് ചെയ്യുക. അതുതന്നെയാണ് അവർക്കെതിരെയും നമ്മൾ ചെയ്യേണ്ടത്. തന്റെ സിനിമയുടെ പ്രമേയമാണ് അവർ കട്ടെടുത്തത്. തേനപ്പൻ പറയുന്നു.

'പാരസൈറ്റ്' വിജയ് ചിത്രത്തിന്റെ പകർപ്പാണെന്ന കാര്യം ആദ്യം കണ്ടെത്തുന്നത് ഓൺലൈനിലെ സിനിമാ പ്രേമികളാണ്. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും തമാശകളും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയം അത്ര തമാശയായി കാണാൻ തേനപ്പൻ തയാറാകാത്തത് കൊണ്ടാണ് അദ്ദേഹം കേസ് നൽകാൻ തീരുമാനിച്ചത്. തേനപ്പന് പിന്തുണ നൽകികൊണ്ട് ചിത്രത്തിന്റെ സംവിധായകനായ കെ.എസ്. രവികുമാറും അദ്ദേഹത്തോടൊപ്പമുണ്ട്.

'ഇളയദളപതി' വിജയ്, രംഭ, മോണിക്ക കാസ്‌റ്റെലിനോ, ഖുശ്ബു എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത 'മിൻസാര കണ്ണാ' സമ്പന്നയായ നായികയുടെ വീട്ടിലേയ്ക്ക് നായകന്റെ കുടുംബം അപ്പാടെ ജോലിക്കാരായി എത്തുന്നതിന്റെ കഥയാണ് ഹാസ്യത്തിൽ ചാലിച്ച് പറഞ്ഞത്. സമാനമായ രീതിയിൽ, ഒരു ദരിദ്ര കുടുംബം, സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയമാക്കുന്നത്.