തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയുടെ നായകനായി മാറിയിരിക്കുകയാണ് കെ.സുരേന്ദ്രൻ. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയാണ് ഡല്‍ഹിയില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
എ.ബി.വി.പി പ്രവർത്തകനായാണ് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചത്. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ സുരേന്ദ്രൻ 1970 മാർച്ച് 10ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കർഷക കുടുംബത്തിലായിരുന്നു ജനനം. ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. കോളേജിൽ എ.ബി.വി.പി പ്രവർത്തകനായിരുന്നു ഇദ്ദേഹം. സോഷ്യൽ മീഡിയകളിലൂടെ ട്രോളുകളും വിമർശനങ്ങളും നേരിട്ട രാഷ്ട്രീയ നേതാക്കളിലൊരാളാണ് ഇദ്ദേഹം. സോളാർ കേസ്, ബീഫ് വിവാദം, ശബരിമല എന്നീ വിഷയങ്ങളിൽ മാദ്ധ്യമങ്ങളിലെ ചർച്ചകളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ജനശ്രദ്ധനേടി.
യുവമോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടത്. കോവളം കൊട്ടാരം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ്, ടോട്ടൽ ഫോർ യു, മലബാർ സിമന്റ്സ്, സോളാർ തുടങ്ങിയ അഴിമതികൾക്കെതിരെ സമരം നയിച്ചു. യുവമോർച്ചയിൽനിന്നു ബി.ജെ.പിയിലെത്തിയ അദ്ദേഹം ലോക്സഭയിലേക്കു കാസർകോട് മണ്ഡലത്തിൽനിന്ന് രണ്ടു തവണയും, നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നു രണ്ടു തവണയും മത്സരിച്ചു.
ബീഫ് വിവാദത്തിലും സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്ന രീതിയില്‍ ഒരു ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, താന്‍ ഉള്ളിക്കറിയാണ് കഴിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് സുരേന്ദ്രന് ഒരു വിളിപ്പേരും സോഷ്യല്‍ മീഡിയ സമ്മാനിച്ചു. ഇപ്പോഴും കെ സുരേന്ദ്രനെതിരെ സൃഷ്ടിക്കപ്പെടുന്ന ട്രോളുകളിൽ അധികവും ഇത് പറഞ്ഞുകൊണ്ടാണ്.
ശബരിമല വിഷയത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ പിന്നീട് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം എഴുതിയിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. പഴയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണു സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ, 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചു മൂന്നു ലക്ഷത്തോളം വോട്ട് സ്വന്തമാക്കി. ശബരിമല യുവതീ പ്രവേശനത്തിനെതിരായുള്ള പ്രതിഷേധത്തിൽ 22 ദിവസം ജയില്‍വാസമനുഷ്ഠിച്ചിരുന്നു. ഇത് ഒരു വിഭാഗം വിശ്വാസികളിൽ വലിയ സ്വാധീനമുണ്ടാക്കി. ആറുമാസത്തിന് ശേഷം കോന്നിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 40,000 ഓളം വോട്ട് നേടിയ സുരേന്ദ്രന്‍ കേരളരാഷ്ട്രീയത്തിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഇനി വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ മുന്നോട്ടു നയിക്കുക എന്ന വലിയ ലക്ഷ്യമാണ് സുരേന്ദ്രനു മുന്നിലുള്ളത്.