തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിനെതിരെ വിജിലൻസിന് അന്വേഷണം നടത്താൻ അനുമതി. ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ ഗവർണറുടെ അനുമതി സർക്കാരിന് ലഭിച്ചിരുന്നു.
ശിവകുമാറിനെക്കുറിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. 2016ലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞവർഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാർശ വിജിലൻസ് സർക്കാരിന് നൽകിയിരുന്നു. തുടർന്ന് സർക്കാരിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ ആഭ്യന്തര സെക്രട്ടറി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിറക്കുകയായിരുന്നു.
ആരോഗ്യ മേഖലയിലെ അഴിമതികളുമായി ബന്ധപ്പെട്ട് നേരത്തെ ശിവകുമാറിനെതിരെ ആരോപണമുയർന്നിരുന്നു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു.