ദുബായ്: ചിത്രശലഭങ്ങളുടെ ഫോട്ടോകളുമായി 'എക്സിസ്റ്റെൻഷ്യൽ' എന്ന പേരിൽ ഫോട്ടോ-ചിത്ര പ്രദർശനം നടത്തി കലാകാരി രാധികാ റാണിയും നേച്ചർ ഫോട്ടോഗ്രാഫറായ മനു രഘുരാജനും. ദുബായിലെ ഖോസിലെ കാർട്ടൂൺ ഗാലറിയിൽ വച്ച് നടന്ന പ്രദർശനം ടോസ്റ്റ്മാസ്റ്റർ ഇന്റർനാഷണലിന്റെ മുൻ അദ്ധ്യക്ഷനും ദുബായ് പൊലീസിൽ ലഫ്റ്റനന്റ് കേണലായി സേവനം അനുഷ്ടിച്ചയാളുമായ ശ്രീ. മുഹമ്മദ് മുറാദാണ്. പ്രകൃതിക്ക് നമ്മൾ നൽകേണ്ട പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് ഡാലിയ ചെടിക്ക് വെള്ളമൊഴിച്ചുകൊണ്ടാണ് ശ്രീ. മുറാദ് പ്രദർശനം ഉത്ഘാടനം ചെയ്തത്.
പരിപാടിയുടെ 'ഗസ്റ്റ് ഒഫ് ഓണറാ'യി യു.എ.ഇയിലെ പേരുകേട്ട കലാകാരിയായ സുൽത്താന കാസിമും എത്തിയിരുന്നു. രാധികാ റാണിയുടേതായി 15 ഛായാചിത്രങ്ങളും ഏതാനും കവിതകളുമാണ് കാർട്ടൂൺ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ തന്റെ വീട്ടിലെ ഉദ്യാനത്തിൽ നിന്നും രാധികാ റാണി ക്യാൻവാസിൽ പകർത്തിയവയാണ് ഈ പെയിന്റിംഗുകൾ. ചിത്രശലഭങ്ങളെ വിഷയമാക്കി മനു രഘുരാജൻ പകർത്തിയ 16 ഫോട്ടോകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലും യു.എ.ഇയിലും വച്ച് മനു എടുത്ത ചിത്രങ്ങളാണിവ. ഫെബ്രുവരി 17നാണ് പ്രദർശനം അവസാനിക്കുക. 12 മണി മുതൽ വൈകിട്ട് 8 മണി വരെയാണ് പ്രദർശന സമയം.