തിരുവനന്തപുരം: പൊലീസിനെ നയിക്കുന്നത് കൊള്ള സംഘമാണെന്നും അഴിമതി നടന്നിരിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ തോക്കും തിരകളും കാണാതായതുമായി ബന്ധപ്പെട്ടുള്ള സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഴിമതിയുടെ തോത് വച്ച് നോക്കിയാൽ കേവലം ഡി.ജി.പിക്ക് മാത്രം ചെയ്യാൻ പറ്റുന്ന അഴിമതിയല്ലിതെന്നും അദ്ദേഹം ആരോപിച്ചു.
ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി പർച്ചേസ് ചെയ്യാനുള്ള അനുമതി ആരാണ് നൽകിയതെന്നും ചെന്നിത്തല ചോദിച്ചു. ഇതിനെല്ലാം സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതായാണ് കാണുന്നത്.കേന്ദ്രഫണ്ട് വിനിയോഗിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് മോഡറൈസേഷന് വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നതെന്ന് ചോദിച്ച ചെന്നിത്തല, കേസിൽ അദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതെല്ലാം നടന്നതെന്നുള്ള വ്യാജ പ്രചരണം സിപിഎം നടത്തുന്നത് റൈഫിളുകളും അതോടൊപ്പം വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.