tr
ട്രംപിനെ വരവേൽക്കാൻ അഹമ്മദാബാദ് എയർപോർട്ട് റോഡിലെ ഡിവൈഡറിൽ പാം മരങ്ങൾ വച്ചുപിടിപ്പിിരിക്കുന്നു

അഹമ്മദാബാദ്:ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വരവേൽപ്പ് നൽകുന്ന അഹമ്മദാബാദിനെ അണിയിച്ചൊരുക്കാൻ ഗുജറാത്ത് സർക്കാർ ചെലവിടുന്നത് നൂറ് കോടി രൂപയാണ്. ഈ മാസം 24ന് അഹമ്മദാബാദിലാണ് ട്രംപ് എത്തുന്നത്. അവിടെ വെറും മൂന്ന് മണിക്കൂറാണ് ട്രംപിന്റെ പരിപാടികൾ. ലോകത്തെ നമ്പർ വൺ വി. ഐ. പിയുടെ മൂന്ന് മണിക്കൂർ ഉത്സവമാക്കാൻ പണം വാരിക്കോരി ചിലവാക്കുകയാണ് സംസ്ഥാന സർക്കാർ. ഒരുക്കങ്ങൾക്ക് പണം പ്രശനമല്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി ബന്ധപ്പെട്ടവരോട് പറഞ്ഞിട്ടുണ്ട്.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ,​ മൊടേര സ്റ്റേഡിയം ഉൽഘാടനം,​ തുടർന്ന് അതേ സ്റ്റേഡിയത്തിൽ ഹൗഡി മോദിക്ക് സമാനമായ കെം ചോ ട്രംപ്,​ പിന്നെ വിമാനത്താവളത്തിലേക്ക് മടക്കയാത്ര എന്നിവയാണ് ട്രംപിന്റെ പരിപാടികൾ.

അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും അഹമ്മദാബാദ് അർബൻ ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്നാണ് നഗരത്തെ മോടി പിടിപ്പിക്കുന്നത്.

അഹമ്മദാബാദ് നഗരത്തിലെ പതിനേഴ് റോഡുകൾ പുതുക്കി പണിയുകയാണ്. ഇതിന് മാത്രം ചെലവ് 60 കോടി. കൂടാതെ പുതിയ റോഡുകൾ നിർമ്മിക്കാൻ 20 കോടി. മൊടേര സ്റ്റേഡിയം ഉൽഘാടനം ചെയ്‌ത ശേഷം ട്രംപിന് വിമാനത്താവളത്തിലേക്ക് മടങ്ങി പോകാനാായി മാത്രം ഒന്നര കിലോമീറ്റർ വരുന്ന പുതിയ റോഡും ഇതിനൊപ്പം നിർമ്മിക്കുന്നുണ്ട്.

റോഡുകളും സ്റ്റേഡിയവും പൂച്ചെടികളും പാം മരങ്ങളും മറ്റും വച്ചു പിടിപ്പിച്ച് മനോഹരമാക്കാൻ മാത്രം ആറ് കോടിയാണ് ചിലവ്. ഷാഹിബാഗിലെ എയർപോർട്ട് റോഡിന്റെ ഡിവൈഡറുകളിൽ വലിയ പാം മരങ്ങൾ പിഴുതുകൊണ്ടു വന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഫുട്പാത്തുകളിൽ പുതിയ ടൈലുകൾ വിരിക്കുന്നു. മൊടേര സ്റ്റേഡിയത്തിന് പുറത്തും അകത്തുമെല്ലാം ആയിരക്കണക്കിന് ചെടികൾ നിരത്തുന്നു. ട്രംപിന്റെ യാത്രാ വഴികളിൽ ഒരു ചേരിയുണ്ട്. അത് മറയ്‌ക്കാൻ കൂറ്റൻ മതിലിന്റെ നിർമ്മാണവും നടക്കുകയാണ്. വിമാനത്താവളവും മോടേര സ്റ്റേഡിയവും ഗാണ്ഡിജിയുടെ സബർമതി ആശ്രമവുമെല്ലാം മോടിപിടിപ്പിച്ചു കൊണ്ടിരിക്കയാണ്.

ഈ പണികളൊന്നും ടെൻഡർ വിളിച്ചല്ല ചെയ്യുന്നത്. പാർട്ടിയുടെ വിശ്വസ്തരായ കരാറുകാർക്കാണ് പണികൾ നൽകിയിട്ടുള്ളത്.

കോടികൾ മറിയുന്നത് ഇങ്ങനെ

80കോടി

പുതിയ റോഡുകൾ നിർമ്മിക്കാനും പഴയ റോഡുകൾ പുതുക്കാനും

15 കോടി

ട്രംപിന്റെ സുരക്ഷയ്‌ക്ക്

10 കോടി

മൊടേര സ്റ്റേഡിയത്തിന്റെ ഉൽഘാടനം, അതിഥികളുടെ യാത്ര, ഭക്ഷണം

6 കോടി

നഗരത്തിന്റെയും നഗര വീഥികളുടെയും മോടിപിടിപ്പിക്കൽ

4 കോടി

മോഡി - ട്രംപ് റോഡ് ഷോ, അതിനിടയിലെ സാംസ്‌കാരിക പരിപാടികൾ