അമ്പലപ്പുഴ: ആലപ്പുഴയിൽ രണ്ടാനച്ഛനിൽ നിന്നും ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്ന് മൂന്ന് വയസുകാരൻ. അമ്പലപ്പുഴയിലാണ് സംഭവം. ജനനേന്ദ്രിയത്തിനടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനായ പുതുവൽ സ്വദേശി വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി ഉപദ്രവിക്കപ്പെട്ട വിവരം അറിഞ്ഞ നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസിൽ ഏൽപ്പിക്കും മുൻപ് നാട്ടുകാർ ഇയാളെ മർദ്ധിച്ചിരുന്നു. വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആൺകുട്ടിയെയാണ് ഇയാൾ ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ ശരീരത്തിൽ പല ഭാഗങ്ങളിലും മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വൈശാഖ് നിരന്തരം കുട്ടിയെ മർദ്ധിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്.
രണ്ട് ദിവസം മുൻപാണ് ഇയാൾ കുട്ടിയെ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുന്നത്. കുട്ടിയുടെ ശാരീരിക നില അങ്ങേയറ്റം മോശമായതോടെ നാട്ടുകാരും വാർഡ് കൗൺസിലർമാരും അടക്കമുള്ളവർ ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ പരിശോധിച്ചപ്പോൾ ക്രൂരമായി മർദ്ധിക്കപ്പെട്ടതിന്റെ പാടുകളും മറ്റും കണ്ടെത്തി. ശേഷം ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.