kashmir-

ന്യൂഡൽഹി : കാശ്‌മീർ വിഷയത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കെതിരെ ആഞ്ഞടിച്ച വിദേശമന്ത്രാലയം, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ തുർക്കി ഇടപെടരുതെന്ന് മുന്നറിയിപ്പ് നൽകി. പാക് ഭീകരർ കാശ്‌മീരിലും ഇന്ത്യയിലും ഉയർത്തുന്ന ഗുരുതരമായ ഭീഷണിയും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

പാകിസ്ഥാൻ സന്ദർശനത്തിനിടെ പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ കാശ്‌മീർ വിഷയത്തിൽ പാക് നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നമ്മുടെ കാശ്‌മീരി സഹോദരീ സഹോദരന്മാർ പതിറ്റാണ്ടുകളായി അസൗകര്യങ്ങൾ അനുഭവിക്കുന്നുണ്ട്. ഇന്ത്യയുടെ ഏകപക്ഷീയമായ നടപടികളാൽ ഈ കഷ്ടപ്പാടുകൾ ഗുരുതരമായിരിക്കുന്നു. കാശ്‌മീർ പ്രശ്നം സംഘർഷത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ ഹരിഹരിക്കാനാകില്ല,​ നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിലേ പറ്റൂ. സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ, കാശ്‌മീരികളുടെ പോരാട്ടം വിദേശ ആധിപത്യത്തിനെതിരായ യുദ്ധമാണെന്നും ഒന്നാംലോക മഹായുദ്ധകാലത്ത് തുർക്കിയിൽ നടന്ന ഗല്ലിപ്പോളി യുദ്ധത്തിന് സമാനമാണെന്നും തുർക്കി പ്രസിഡന്റ് പറഞ്ഞതും ഇന്ത്യയെ ചൊടിപ്പിച്ചു. ഗല്ലിപ്പോളിയും കാശ്മീരും തമ്മിൽ വ്യത്യാസമില്ല. അടിച്ചമർത്തലിനെതിരെ തുർക്കി ശബ്ദമുയർത്തുന്നത് തുടരും.' അദ്ദേഹം പറഞ്ഞു. ഈയാഴ്ച ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിൽ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുവരാൻ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തിലും എർദോഗൻ കാശ്‌മീർ വിഷയം ഉന്നയിച്ചിരുന്നു. അന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

ഗല്ലിപ്പോളി യുദ്ധം

ഒന്നാം ലോക മഹായുദ്ധകാലത്ത് 1915 ഫെബ്രുവരി 17 മുതൽ 1916 ജനുവരി 9 വരെ തുർക്കിയിലെ ഗല്ലിപ്പോളി ഉപദ്വീപ് (ഇന്നത്തെ ഗലിബോലു) പിടിച്ചെടുക്കാൻ ഓട്ടോമൻ സാമ്രാജ്യവും സഖ്യശക്തികളായ ബിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവരും തമ്മിൽ യുദ്ധം നടന്നു.

പതിനൊന്ന് മാസം നീണ്ട യുദ്ധത്തിൽ രണ്ടര ലക്ഷം പേർ കൊല്ലപ്പെട്ടു. ഒടുവിൽ സഖ്യശക്തികൾ പിൻവാങ്ങി. ഓട്ടോമൻ സാമ്രാജ്യം വിജയിച്ചു. എന്നാൽ തുർക്കി ജനതയുടെ ദേശസ്‌നേഹത്തിന് മുന്നിൽ ഓട്ടോമൻ സേനയും പിൻവാങ്ങി. തുർക്കിയുടെ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം അവിടെ നിന്നാണ്. എട്ടുവർഷത്തിന് ശേഷം തുർക്കി സ്വതന്ത്ര റിപ്പബ്ളിക്കായി. ഇതേ മാതൃകയിൽ വിദേശശക്തിയായ ഇന്ത്യയുടെ അധിനിവേശത്തിനെതിരെ പാകിസ്ഥാൻ കാശ്‌മീർ ജനതയ്‌ക്കൊപ്പം പോരാടുമെന്നും കാശ്‌മീർ സ്വതന്ത്രമാകുമെന്നുമാണ് തയ്യിപ്പ് സൂചിപ്പിച്ചത്.