lic-housing-finance

മുംബയ്: ഭവന വായ്‌പ തേടുന്നവർക്ക് നെക്‌സ്‌റ്ര് ജനറേഷൻ ഡിജിറ്റൽ മൊബൈൽ പ്ളാറ്ര്‌ഫോമിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാനായി എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്, ഗൂഗിൾ ക്ളൗഡുമായി സഹകരിക്കുന്നു. ഇരുവരും സഹകരിച്ചൊരുക്കിയ പുതിയ മൊബൈൽ ആപ്ളിക്കേഷൻ, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിന് വിശാലമായ ഉപഭോക്തൃനിരയെ സ്വന്തമാക്കാനും സഹായകമാകും.

ഉപഭോക്താക്കളുടെ യോഗ്യതാ നിർണയമുൾപ്പെടെ, ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ അതിവേഗമാക്കാനും ആപ്പ് സഹായിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും ആപ്പ് പ്രയോജനകരമാണ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉടനടി മറുപടി നൽകാനുള്ള ചാറ്റിംഗ് സൗകര്യവും ആപ്പിലുണ്ടെന്ന് എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സിദ്ദാർത്ഥ മൊഹന്തി പറഞ്ഞു.

ആപ്പിലെ നൂതനവും മികവുറ്റതുമായ ഫീച്ചറുകൾ പുതുതലമുറ ഉപഭോക്താക്കളെ ആകർഷിക്കാൻ എൽ.ഐ.സി ഹൗസിംഗ് ഫിനാൻസിന് സഹായകമാകുമെന്ന് ഗൂഗിൾ ക്ളൗഡ് ഇന്ത്യ സെയിൽസ് ഡയറക്‌ടർ കമോലിക പെരെസ് പറഞ്ഞു.