muralidharan

റാന്നി: രാജ്യം ഭരിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളോട് പ്രതിബദ്ധതയുളള സർക്കാരാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവെൻഷന്റെ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം പാർലമെന്റിൽ രാഷ്ട്രപതി ഗുരുദേവ സൂക്തങ്ങൾ ഉച്ചരിച്ചാണ് സംസാരിച്ചത്. ഗുരുദേവ ദർശനങ്ങളോടുളള കേന്ദ്രസർക്കാരിന്റെ ആദരവിന്റെ സൂചനയായാണ് ശിവഗിരി മഠം ധർമ്മസംഘം അദ്ധ്യക്ഷൻ സ്വാമി വിശുദ്ധാനന്ദയെ രാഷ്ട്രം പത്മശ്രീ നൽകിയതിന് പിന്നിൽ. ഗുരുദേവൻ സൃഷ്ടിച്ച സന്യാസി സമൂഹത്തെ ആദരിക്കാൻ എഴുപത് വർഷം വേണ്ടിവന്നു.

കേരളം എന്തുകൊണ്ടാണ് ഗുരുദേവ ദർശനം സ്വീകരിക്കാൻ വൈകിയത്. കഴിഞ്ഞ വർഷമാണ് ആത്മോപദേശ ശതകം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ഇത്രയും വൈകിപ്പിച്ചതിന് ആരാണ് ഉത്തരവാദികൾ. ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി കേരളം തിരിച്ചറിയുന്നത് ഇപ്പോഴാണോ. നവോത്ഥാനത്തിന്റെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെ കൂടെ ക്കൂട്ടുന്നവർ ഇത്രയും കാലം എവിടെയായിരുന്നു. ഒരു പ്രത്യേക രാഷ്ട്രീയ വിശ്വാസത്തിന് പിന്നാലെ പോയിട്ടുളളവരാണ് ഇൗഴവ സമുദായം. ഇൗഴവരുടെ പിന്തുണ നേടി അധികാരത്തിലെത്തിയവർ പക്ഷേ, ഗുരുദേവ ദർശനങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ പരിശ്രമിച്ചില്ല. ഇപ്പോൾ യോഗത്തിന്റെ വാക്കുകൾക്ക് മുൻപത്തെക്കാൾ പ്രാധാന്യം നൽകുന്നുണ്ട്. അത് യോഗത്തിന്റെ അംഗങ്ങളുടെ എണ്ണത്തോടുളള താത്പര്യം കൊണ്ടാകരുത്. ഗുരുദേവ ദർശനങ്ങൾ നടപ്പാക്കാനുളള ആർജവം കാട്ടണമെന്ന് വി.മുരളീധരൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, റാന്നി യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, പത്തനംതിട്ട യൂണിയൻ ചെയർമാൻ കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, തിരുവല്ല യൂണിയൻ കൺവീനർ അനിൽ ഉഴത്തിൽ, യോഗം ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പ്രദീപ് കുമാർ കിഴക്കേവിളയിൽ എന്നിവർ സംസാരിച്ചു.