തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിൽ കാലങ്ങളായി തുടരുന്ന നിഴൽയുദ്ധങ്ങൾ സംസ്ഥാന അദ്ധ്യക്ഷ പദവിയെയും വിവാദത്തിലാക്കാറുണ്ട്. രൂക്ഷമായ ചേരിപ്പോരിന് ഒരു പരിധിവരെ തടയിട്ടത് വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റായ ശേഷമായിരുന്നു.
പി.കെ. കൃഷ്ണദാസിന്റെ പിൻഗാമിയായി അദ്ധ്യക്ഷനായ മുരളീധരൻ ആറ് വർഷത്തോളം പദവി വഹിച്ചു. അപ്രതീക്ഷിതമായി മുരളീധരനെ നീക്കി കുമ്മനം രാജശേഖരനെ പ്രതിഷ്ഠിച്ച ശേഷം സംസ്ഥാന അദ്ധ്യക്ഷ പദവി വീണ്ടും ഉറയ്‌ക്കാത്ത കസേരയായി.
മുരളീധരന്റെ കാലയളവിന്റെ അവസാനമായപ്പോഴേക്കും ചേരിപ്പോരിന് വീണ്ടും ആക്കം കൂടിയതാണ് ഇളക്കി പ്രതിഷ്ഠയ്‌ക്ക് കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്. ആർ.എസ്.എസിന്റെ സമ്മർദ്ദവും ഒരു ഘടകമായി. പാർട്ടി സംഘടനയ്‌ക്ക് പുറത്ത് നിന്ന് ആർ.എസ്.എസ് പിന്തുണയോടെ കുമ്മനം അദ്ധ്യക്ഷനായപ്പോൾ ചേരിപ്പോര് ശമിക്കുമെന്ന് കരുതിയെങ്കിലും പാർട്ടിയിൽ സംഘടനാതർക്കം മൂർച്ഛിക്കുന്നതാണ് കണ്ടത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടമായപ്പോഴേക്കും പോര് ഉച്ചസ്ഥായിയിലായി. കുമ്മനത്തിന്റെ കൈയിൽ കാര്യങ്ങൾ നിൽക്കില്ലെന്ന് വന്നപ്പോഴാണ് അദ്ദേഹത്തെ മിസോറാം ഗവർണറായി മാറ്റിയത്. അന്നും പകരം അദ്ധ്യക്ഷ പദവിയിലേക്ക് ഉയർന്നുകേട്ടത് കെ. സുരേന്ദ്രന്റെ പേരായിരുന്നു.
വി. മുരളീധരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ തന്നെ സുരേന്ദ്രന്റെ പേര് ഉയർന്നതാണ്. എന്നാൽ ആർ.എസ്.എസ് ആഗ്രഹപ്രകാരം കുമ്മനം രാജശേഖരൻ അപ്രതീക്ഷിതമായി അദ്ധ്യക്ഷനായി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് കുമ്മനത്തെ മിസോറാം ഗവർണറായി മാറ്റി. അദ്ധ്യക്ഷ സ്ഥാനത്ത് മൂന്ന് വർഷ കാലാവധി തികയ്‌ക്കാതെയായിരുന്നു കുമ്മനത്തിന്റെ മടക്കം. കുമ്മനത്തിന്റെ പിൻഗാമിയായും സുരേന്ദ്രന്റെ പേര് മുരളീധര വിഭാഗം ഉയർത്തി. എം.ടി. രമേശിനായി കൃഷ്ണദാസ് പക്ഷവും വാദിച്ചു. ആർ.എസ്.എസിന്റെ കൂടി താല്പര്യമനുസരിച്ച് ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി ശ്രീധരൻപിള്ളയ്ക്ക് രണ്ടാമതും നറുക്ക് വീണു. രണ്ടാംവരവിൽ മൂന്ന് വർഷ കാലാവധി തികയ്ക്കാതെയാണ് പിള്ളയുടെയും മടക്കം. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി കുമ്മനത്തെ ഗവർണർ സ്ഥാനം രാജിവയ്പ്പിച്ചു കൊണ്ടുവന്ന ഒഴിവിലേക്കാണ് പിള്ളയെ ഗവർണറാക്കിയത്.
ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിന്റെ താല്പര്യവും കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരന്റെ ശക്തമായ പിന്തുണയുമാണ് സുരേന്ദ്രന്റെ സ്ഥാനലബ്ധി എളുപ്പമാക്കിയത്.