caa

മുംബയ് ∙ സമധാനപരമായി സമരം നടത്തുന്നവരെ രാജ്യദ്രോഹികളോ ദേശവിരുദ്ധരോ എന്ന് വിളിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഇഫ്തിഖർ ഷെയ്ക്ക് എന്നയാൾ നൽകിയ ഹർജിയിലാണ് ബോംബെ ഹൈക്കോടതിയു‍ടെ ഔറംഗാബാദ് ബെഞ്ചിന്റെ പരാമർശം.

നാൽപ്പത്തിയഞ്ചുകാരനായ ഷെയ്ഖിനെ പ്രതിഷേധം നടത്തുന്നതിൽ നിന്നു പൊലീസും ജില്ലാ ഭരണകൂടവും വിലക്കിയിരുന്നു. പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുന്നത് പൗരത്വ ഭേദഗതി നിയമത്തിനെ നിഷേധിക്കുന്നതിനാൽ ആണെന്ന് കരുതാനാവില്ല.. സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നു. അങ്ങനെയുള്ളവരെ രാജ്യദ്രോഹികളെന്നോ ദേശവിരുദ്ധരെന്നോ വിളിക്കാനാവില്ല. കാരണം അവർ ഒരു നിയമത്തെ മാത്രമേ എതിർക്കുന്നുള്ളൂ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും ഇത്തരം സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയാണെന്നും കോടതി പറഞ്ഞു.

ഹർജി സമർപ്പിച്ചവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്നു മാത്രമേ കോടതി പരിശോധിക്കുന്നുള്ളുവെന്നു കോടതി വ്യക്തമാക്കി. ഇത് പൗരന്റെ മൗലികാവകാശങ്ങളുടെ ഭാഗമാണോ എന്നു മാത്രമാണ് കോടതി നോക്കുന്നത്. അതിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമോ എന്ന് നോക്കേണ്ടത് കോടതിയല്ല. അത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു.