agr

 ഫെബ്രുവരി 20നകം ₹10,000 കോടി അടയ്‌ക്കുമെന്ന് എയർടെൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് നൽകാനുള്ള അഡ്‌ജസ്‌റ്രഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) കുടിശികയിലെ നിശ്‌ചിതഭാഗം ഉടൻ അടയ്‌ക്കാൻ വൊഡാഫോൺ-ഐഡിയയുടെ തീരുമാനം. ആകെ 53,000 കോടി രൂപയാണ് വൊഡാഫോൺ-ഐഡിയയുടെ ബാദ്ധ്യത. എ.ജി.ആർ കുടിശിക വീട്ടാൻ ജനുവരി 23വരെ ടെലികോം കമ്പനികൾക്ക് സുപ്രീം കോടതി സമയം നൽകിയിരുന്നു.

ഇതു പാലിക്കാത്തതിനെ കടുത്ത ഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവിനെതിരെ നോട്ടീസിറക്കിയ കേന്ദ്രസർക്കാരും കടുത്ത വിമർശനമേറ്റുവാങ്ങി. തുടർന്ന്, ഉടൻ കുടിശിക വീട്ടണമെന്നാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം നോട്ടീസ് അയയ്ച്ച പശ്‌ചാത്തലത്തിലാണ് ഭാഗികമായി പണമടയ്‌ക്കാൻ കമ്പനികൾ ഒരുങ്ങുന്നത്.

ഫെബ്രുവരി 20നകം 10,000 കോടി രൂപ അടയ്‌ക്കുമെന്ന് ഭാരതി എയർടെല്ലും വ്യക്തമാക്കിയിട്ടുണ്ട്. 35,500 കോടി രൂപയാണ് എയർടെല്ലിന്റെ മൊത്തം ബാദ്ധ്യത. 15 ടെലികോം കമ്പനികൾ ചേർന്ന് മൊത്തം 1.47 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന് നൽകാനുള്ള കുടിശിക.