പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ കാളിയനിൽ അഭിനയിക്കാൻ അവസരം. 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഭിനയ ശേഷിയും വേറിട്ട രൂപഭാവവുമുള്ള 7 മുതൽ 70 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം. നടൻ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
അപേക്ഷകർ www.kaaliyan.com വെബ്‌സൈറ്റ് സന്ദർശിച്ച് മാർച്ച് 15നകം സമീപകാല ഫോട്ടോകൾ സഹിതം അപേക്ഷിക്കണം.ഒരു മിനുട്ടിൽ കവിയാത്ത പെർഫോമൻസ് വീഡിയോയും അയയ്ക്കാം. ' മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോൾ സന്ദേശം.
മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന കാളിയന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി അനിൽ കുമാർ ആണ് തിരക്കഥ രചിക്കുന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലൻ ആണ് ചിത്രത്തിന്റെ ആർട്ട് വർക്കുകൾ ഒരുക്കുന്നത്. ലൂസിഫറിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സുജിത്താണ് കാളിയന്റെയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യുന്നത്.
അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം തന്നെ ആരംഭിക്കാനാണ് സാദ്ധ്യത. നേരത്തെ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പ്രിഥ്വി പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ കൊച്ചിയിൽ നടന്നുവരികയാണ്.