കൊച്ചി: മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുതകാരെയും നിഷ്‌കാസനം ചെയ്യണമെന്ന് ഏതേ വേദമാണ് പറഞ്ഞിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃതി അന്താരാഷ്ട്ര പുസ്‌തകമേളയിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽനടന്ന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
കേരളത്തിൽ പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.. സാധാരണയായി സെൻസസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തിൽ ചെയ്യാൻ തയ്യാറാണെന്നും അതിന്റെ രണ്ടാം ഘട്ടത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണക്കെടുപ്പ് ഇവിടെ നടപ്പിലാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഈ നിലപാട് കേരള സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും കോടതിയേയും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇക്കാര്യത്തെ കുറിച്ച് ആശങ്ക വേണ്ടെങ്കിലും ഇന്ത്യയിൽ മുഴുവന്‍ അതേ സാഹചര്യം ഉണ്ടാകാനായി പ്രക്ഷോഭങ്ങളും സമരങ്ങളും ശക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകുമോ എന്ന് ആശങ്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങളുണ്ടായപ്പോൾ ജനാധിപത്യ പുനസ്ഥാപനത്തിനായി ജനങ്ങൾ ഒരുമിച്ച് നിന്ന സാഹചര്യം രാജ്യത്തിന്റെ ചരിത്രത്തിലെ വിജയകരമായ ഏടുകളാണ്. രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ ആരുടേയും ആഹ്വാനമില്ലാതെ അതിനെതിരെ രംഗത്തിറങ്ങിയതും യുവാക്കളാണ്, യുവതയ്‌ക്ക് സാമൂഹ്യ പ്രതിബന്ധത കുറഞ്ഞ് പോകുന്നു എന്ന പൊതുപരാതിയില്‍ കാര്യമില്ലെന്നും നാടിനു വേണ്ടി ഏത് ത്യാഗം സഹിക്കാനും സന്നദ്ധതയുള്ള യുവതലമുറയെയാണ് ചുറ്റും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.