തിരുവനന്തപുരം: പ്രതികരിക്കുന്ന യുവതലമുറയാണ് ഭാവിയുടെ പ്രത്യാശാ കിരണങ്ങളെന്നും സമൂഹത്തിൽ മാറ്റങ്ങൾ തീർത്ത പഴയകാല നാടകങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടകോത്സവങ്ങൾ ഇനിയും ഉണ്ടാകണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.ഭാരത് ഭവനും നാട്യഗൃഹവും സംയുക്തമായി സംഘടിപ്പിച്ച ജി.ശങ്കരപ്പിള്ള നാടകോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടക രംഗത്തെ സംഭാവനകൾക്ക് സൂര്യ കൃഷ്ണമൂർത്തിയെ ആദരിച്ചു. ഫെസ്റ്റിവൽ ഡയറക്ടറും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ചെയർമാൻ പൊഫ. അലിയാർ,ഭാരത് ഭവൻ എക്‌സിക്യൂട്ടീവ് അംഗം റോബിൻ സേവ്യർ, ശ്രീകാന്ത് ക്യാമിയോ,നാട്യഗൃഹം ചെയർമാൻ എം.കെ.ഗോപാലകൃഷ്ണൻ,പി.വി.ശിവൻ,ടി.പി.ശാസ്തമംഗലം എന്നിവർ പങ്കെടുത്തു. തുടർന്ന് പി.എ.എം.റഷീദ് സംവിധാനം ചെയ്ത് നാട്യഗൃഹം അവതരിപ്പിച്ച 'അവതരണം ഭ്രാന്താലയം' എന്ന നാടകവും അരങ്ങേറി.